Text

For Best Reading Experience install Anjali Old Lipi Unicode font at Fonts folder

2011, മേയ് 10, ചൊവ്വാഴ്ച

ദി ത്രില്ലര്‍ സിനിമ The Thriller Malayalam film Review‍


ചെറുപ്പക്കാരനും ധനികനുമായ സൈമണ്‍ എന്ന കച്ചവടക്കാരന്‍ കൊല്ലപ്പെടുന്നു .ഈ മരണം സംഭവിക്കുന്നത്‌ നിരഞ്ജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പില്‍ വെച്ചാണ് .മരണത്തിന് മുമ്പ് സൈമണ്‍ എന്തോ പുലമ്പുന്നു ,അത് നിരഞ്ജന്‍  കേള്‍ക്കുന്നു .ഇതിനെ ആസ്പദമാക്കി എങ്ങനെ നിരഞ്ജന്‍ സൈമന്റെ കൊലപാതകിയെ കണ്ട് പിടിക്കുന്നു എന്നത്‌ ഈ സിനിമ ചിത്രീകരിക്കുന്നു .

ഈ സിനിമയുടെ പ്രധാന ന്യൂനത എന്ന് പറയാവുന്നത് ഈ കൊലപാതകത്തിനെക്കുറിച്ചുള്ള അന്വോഷണത്തിന്  പകരം  സംവിധായകന്‍, പൃഥ്വിരാജ് ഒരു സൂപ്പര്‍ താരത്തിനെ പോലെ  സ്ലോ മോഷനില്‍ നടക്കണം ,തീപ്പൊരി ഇംഗ്ലീഷ് സംഭാഷണങ്ങള്‍ കാച്ചണം എന്നിവയില്‍ നിഷ്കര്‍ഷിക്കുന്നത് പോലെ തോന്നുന്നു .എന്നാല്‍ സുരേഷ് ഗോപിയെ അനുകരിക്കാനുള്ള ഈ ശ്രമത്തില്‍ പ്രിഥ്വിരാജ് അമ്പേ പരാജയപ്പെടുന്നു എന്നുള്ളതാണ് വസ്തുത . നല്ലൊരു സസ്പെന്‍സ് നിറഞ്ഞ സിനിമക്ക് പകരം ലഭിക്കുന്നത് സാധാരണ സിനിമകളില്‍ കാണുന്ന ഒരു പുതുമയുമില്ലാത്ത വില്ലെന്‍ കഥാപാത്രവും ,തമിഴ് സിനിമയെ അനുകരിക്കുന്ന കുറെ അടി രംഗങ്ങളുമാണ് . മലയാള സിനിമയെങ്കിലും മലയാള ഭാഷ തീരെ ഉപയോഗിക്കാത്ത ഒരു സിനിമ പോലെ തോന്നും ഈ സിനിമ കണ്ടാല്‍ . നായകനും അത് പോലെ വേറെ പോലീസ് ഉദ്യോഗസ്ഥന്മാരും ഇംഗ്ലീഷില്‍ കസര്‍ത്തുന്നു ,വില്ലെന്‍ തമിഴില്‍ . പശ്ചാത്തലസംഗീതം അസഹനീയമാണ് .എല്ലാ നടന്മാരും മത്സരമാണ് , മോശം പ്രകടനം കാഴ്ച വെക്കുന്നതില്‍ .‍  ഇത്രയൊക്കെ ന്യൂനതകള്‍ ഉണ്ടെങ്കിലും  അവസാന ഭാഗത്തെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്വ് ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല. ആ ഒരു കാരണം കൊണ്ട് സിനിമ പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് കുറച്ചൊക്കെ രക്ഷപ്പെടുന്നു . 

എന്റെ അഭിപ്രായം : നിരാശാജനകം 

2011, മേയ് 7, ശനിയാഴ്‌ച

മുഖം സിനിമ Mukham Malayalam Film Review


മൂന്ന് യുവതികള്‍ കൊല്ലപ്പെടുന്നു . അന്വോഷണത്തില്‍  നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് അവര്‍ കൊല്ലപ്പെട്ടത് ഒരു വിദഗ്ദനായ ഒരു കൊലയാളിയുടെ തോക്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ട കൊണ്ടാണ് . ഒരു പോലീസ് സേന രൂപികരിക്കുന്നു .അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇതിന്റെ ചുമലത ഏല്‍ക്കുന്നു. ഈ പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെ കൊലയാളിയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരുന്നു എന്നത് ഈ സിനിമ ചിത്രീകരിക്കുന്നു .

സിനിമയുടെ തുടക്കത്തില്‍ ജോണ്‍സന്റെ മനോഹരമായ ടൈറ്റില്‍ ട്രാക്ക് ഒരു സസ്പെന്‍സ് നിറഞ്ഞ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്തുന്ന സിനിമ എന്ന പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇതില്‍  പൂര്‍ണമായ വിജയം കണ്ടെത്താന്‍ സിനിമക്ക് കഴിയുന്നില്ല . ആരാണ് കൊലയാളി എന്നത് സൂക്ഷമമായി  നിരീക്ഷിക്കുന്ന പ്രേക്ഷകന് പെട്ടെന്ന് തന്നെ കണ്ട് പിടിക്കാന്‍ കഴിയും . കൊലയാളിയും   പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള കൂടിക്കാഴ്ച കുറച്ച് കൂടി പിരിമുറക്കം ഉള്ളതാക്കാമായിരുന്നു . എങ്കിലും മോഹന്‍ എന്ന സംവിധായകനെ വ്യത്യസ്തമായ  ഒരു സിനിമ ചെയ്തതില്‍ അഭിനന്ദിക്കുക തന്നെ വേണം .

അഭിനയത്തില്‍ മോഹന്‍ലാല്‍ ,നാസര്‍ ,രഞ്ജിനി എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു .ലാല്‍ തന്റെ ദൌത്യത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന കര്‍ക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനായും എന്നാല്‍ സാഹചര്യങ്ങള്‍ തന്റെ ഭാര്യയെ സംശയിക്കുന്ന രീതിയില്‍ മുമ്പോട്ട് പോകുമ്പോള്‍ നിസ്സഹായനാകുകയും ചെയ്യുന്ന  രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട് . മാള അരവിന്ദനും ഇന്നസെന്റും ഗൌരവപൂര്‍ണമായ ഈ സിനിമയ്ക്ക് ഒരു കോട്ടവും തട്ടാതെ ‍  ഒരു ഹാസ്യ സ്വഭാവം നല്‍കുന്നതില്‍ വിജയിക്കുന്നു .

എന്റെ അഭിപ്രായം : കൊള്ളാം 

2011, മേയ് 1, ഞായറാഴ്‌ച

അക്കരെനിന്നൊരു മാരന്‍ സിനിമ Akkare Ninnoru Maran Review


അച്ച്യുതന്‍ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്നു .തന്റെ അമ്മയെ കബളിപ്പിച്ച്‌ സ്വത്ത് തട്ടിയെടുത്ത അമ്മാവനില്‍ നിന്ന് സ്വത്ത് തിരിച്ച് എടുക്കുക എന്നതാണ് അച്ച്യുതന്റെ ലക്‌ഷ്യം .അത് പോലെ താന്‍ സ്നേഹിക്കുന്ന അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും അയാള്‍ ആഗ്രഹിക്കുന്നു . ഇതിലേക്കായി തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ തനിക്ക് ഗള്‍ഫില്‍ ജോലി കിട്ടിയതായും താന്‍ ഒരു ധനികന്‍ ആണെന്നും തന്റെ അമ്മാവനെ ധരിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു .ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് ഈ സിനിമ അവതരിപ്പിക്കുന്നു

ഗള്‍ഫ് ജ്വരം അതിന്റെ ഉന്നതത്തില്‍ നില്‍ക്കുന്ന സമയത്തുള്ള ഒരു സിനിമയാണിത് . ഈ സിനിമയിലൂടെ മലയാളിയുടെ ആ ഗള്‍ഫ് പ്രേമത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് . മുകേഷ് ,രാജു,ജഗദീഷ് ,ഇന്നസെന്റ് ,മാള എന്നിവര്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു . മാള തന്റെ സ്വദസിദ്ധമായ ശൈലിയിലൂടെ പല രംഗങ്ങളിലും തിളങ്ങുന്നു . അതിലൊന്ന് കണ്ടക്ടര്‍ പണിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂ രംഗമാണ് . പിശുക്കനും കൂര്‍മബുദ്ധിമാനുമായ അമ്മാവനായി വേണു കഥാപാത്രത്തെ അറിഞ്ഞ് അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു . ശ്രീനിവാസന്‍ പല വേഷങ്ങളിലും വന്ന് സ്വഭാഗികമായ ചിരി ഉയര്‍ത്തുന്ന രംഗങ്ങള്‍ ചെയ്തിരിക്കുന്നു . കുറച്ച് ഫിസിക്കല്‍ കോമഡി ഈ സിനിമയില്‍ ഉണ്ടെങ്കിലും അത് ഈ സിനിമയുടെ നര്‍മ ഭാവവുമായി ചേര്‍ന്ന് പോകുന്നത്  കൊണ്ട് അരോചകമായി തോന്നുന്നില്ല .

എന്റെ അഭിപ്രായം : നല്ലത്