Text

For Best Reading Experience install Anjali Old Lipi Unicode font at Fonts folder

2011, മേയ് 10, ചൊവ്വാഴ്ച

ദി ത്രില്ലര്‍ സിനിമ The Thriller Malayalam film Review‍


ചെറുപ്പക്കാരനും ധനികനുമായ സൈമണ്‍ എന്ന കച്ചവടക്കാരന്‍ കൊല്ലപ്പെടുന്നു .ഈ മരണം സംഭവിക്കുന്നത്‌ നിരഞ്ജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പില്‍ വെച്ചാണ് .മരണത്തിന് മുമ്പ് സൈമണ്‍ എന്തോ പുലമ്പുന്നു ,അത് നിരഞ്ജന്‍  കേള്‍ക്കുന്നു .ഇതിനെ ആസ്പദമാക്കി എങ്ങനെ നിരഞ്ജന്‍ സൈമന്റെ കൊലപാതകിയെ കണ്ട് പിടിക്കുന്നു എന്നത്‌ ഈ സിനിമ ചിത്രീകരിക്കുന്നു .

ഈ സിനിമയുടെ പ്രധാന ന്യൂനത എന്ന് പറയാവുന്നത് ഈ കൊലപാതകത്തിനെക്കുറിച്ചുള്ള അന്വോഷണത്തിന്  പകരം  സംവിധായകന്‍, പൃഥ്വിരാജ് ഒരു സൂപ്പര്‍ താരത്തിനെ പോലെ  സ്ലോ മോഷനില്‍ നടക്കണം ,തീപ്പൊരി ഇംഗ്ലീഷ് സംഭാഷണങ്ങള്‍ കാച്ചണം എന്നിവയില്‍ നിഷ്കര്‍ഷിക്കുന്നത് പോലെ തോന്നുന്നു .എന്നാല്‍ സുരേഷ് ഗോപിയെ അനുകരിക്കാനുള്ള ഈ ശ്രമത്തില്‍ പ്രിഥ്വിരാജ് അമ്പേ പരാജയപ്പെടുന്നു എന്നുള്ളതാണ് വസ്തുത . നല്ലൊരു സസ്പെന്‍സ് നിറഞ്ഞ സിനിമക്ക് പകരം ലഭിക്കുന്നത് സാധാരണ സിനിമകളില്‍ കാണുന്ന ഒരു പുതുമയുമില്ലാത്ത വില്ലെന്‍ കഥാപാത്രവും ,തമിഴ് സിനിമയെ അനുകരിക്കുന്ന കുറെ അടി രംഗങ്ങളുമാണ് . മലയാള സിനിമയെങ്കിലും മലയാള ഭാഷ തീരെ ഉപയോഗിക്കാത്ത ഒരു സിനിമ പോലെ തോന്നും ഈ സിനിമ കണ്ടാല്‍ . നായകനും അത് പോലെ വേറെ പോലീസ് ഉദ്യോഗസ്ഥന്മാരും ഇംഗ്ലീഷില്‍ കസര്‍ത്തുന്നു ,വില്ലെന്‍ തമിഴില്‍ . പശ്ചാത്തലസംഗീതം അസഹനീയമാണ് .എല്ലാ നടന്മാരും മത്സരമാണ് , മോശം പ്രകടനം കാഴ്ച വെക്കുന്നതില്‍ .‍  ഇത്രയൊക്കെ ന്യൂനതകള്‍ ഉണ്ടെങ്കിലും  അവസാന ഭാഗത്തെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്വ് ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല. ആ ഒരു കാരണം കൊണ്ട് സിനിമ പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് കുറച്ചൊക്കെ രക്ഷപ്പെടുന്നു . 

എന്റെ അഭിപ്രായം : നിരാശാജനകം 

2011, മേയ് 7, ശനിയാഴ്‌ച

മുഖം സിനിമ Mukham Malayalam Film Review


മൂന്ന് യുവതികള്‍ കൊല്ലപ്പെടുന്നു . അന്വോഷണത്തില്‍  നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് അവര്‍ കൊല്ലപ്പെട്ടത് ഒരു വിദഗ്ദനായ ഒരു കൊലയാളിയുടെ തോക്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ട കൊണ്ടാണ് . ഒരു പോലീസ് സേന രൂപികരിക്കുന്നു .അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇതിന്റെ ചുമലത ഏല്‍ക്കുന്നു. ഈ പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെ കൊലയാളിയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരുന്നു എന്നത് ഈ സിനിമ ചിത്രീകരിക്കുന്നു .

സിനിമയുടെ തുടക്കത്തില്‍ ജോണ്‍സന്റെ മനോഹരമായ ടൈറ്റില്‍ ട്രാക്ക് ഒരു സസ്പെന്‍സ് നിറഞ്ഞ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്തുന്ന സിനിമ എന്ന പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇതില്‍  പൂര്‍ണമായ വിജയം കണ്ടെത്താന്‍ സിനിമക്ക് കഴിയുന്നില്ല . ആരാണ് കൊലയാളി എന്നത് സൂക്ഷമമായി  നിരീക്ഷിക്കുന്ന പ്രേക്ഷകന് പെട്ടെന്ന് തന്നെ കണ്ട് പിടിക്കാന്‍ കഴിയും . കൊലയാളിയും   പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള കൂടിക്കാഴ്ച കുറച്ച് കൂടി പിരിമുറക്കം ഉള്ളതാക്കാമായിരുന്നു . എങ്കിലും മോഹന്‍ എന്ന സംവിധായകനെ വ്യത്യസ്തമായ  ഒരു സിനിമ ചെയ്തതില്‍ അഭിനന്ദിക്കുക തന്നെ വേണം .

അഭിനയത്തില്‍ മോഹന്‍ലാല്‍ ,നാസര്‍ ,രഞ്ജിനി എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു .ലാല്‍ തന്റെ ദൌത്യത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന കര്‍ക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനായും എന്നാല്‍ സാഹചര്യങ്ങള്‍ തന്റെ ഭാര്യയെ സംശയിക്കുന്ന രീതിയില്‍ മുമ്പോട്ട് പോകുമ്പോള്‍ നിസ്സഹായനാകുകയും ചെയ്യുന്ന  രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട് . മാള അരവിന്ദനും ഇന്നസെന്റും ഗൌരവപൂര്‍ണമായ ഈ സിനിമയ്ക്ക് ഒരു കോട്ടവും തട്ടാതെ ‍  ഒരു ഹാസ്യ സ്വഭാവം നല്‍കുന്നതില്‍ വിജയിക്കുന്നു .

എന്റെ അഭിപ്രായം : കൊള്ളാം 

2011, മേയ് 1, ഞായറാഴ്‌ച

അക്കരെനിന്നൊരു മാരന്‍ സിനിമ Akkare Ninnoru Maran Review


അച്ച്യുതന്‍ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്നു .തന്റെ അമ്മയെ കബളിപ്പിച്ച്‌ സ്വത്ത് തട്ടിയെടുത്ത അമ്മാവനില്‍ നിന്ന് സ്വത്ത് തിരിച്ച് എടുക്കുക എന്നതാണ് അച്ച്യുതന്റെ ലക്‌ഷ്യം .അത് പോലെ താന്‍ സ്നേഹിക്കുന്ന അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും അയാള്‍ ആഗ്രഹിക്കുന്നു . ഇതിലേക്കായി തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ തനിക്ക് ഗള്‍ഫില്‍ ജോലി കിട്ടിയതായും താന്‍ ഒരു ധനികന്‍ ആണെന്നും തന്റെ അമ്മാവനെ ധരിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു .ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് ഈ സിനിമ അവതരിപ്പിക്കുന്നു

ഗള്‍ഫ് ജ്വരം അതിന്റെ ഉന്നതത്തില്‍ നില്‍ക്കുന്ന സമയത്തുള്ള ഒരു സിനിമയാണിത് . ഈ സിനിമയിലൂടെ മലയാളിയുടെ ആ ഗള്‍ഫ് പ്രേമത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് . മുകേഷ് ,രാജു,ജഗദീഷ് ,ഇന്നസെന്റ് ,മാള എന്നിവര്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു . മാള തന്റെ സ്വദസിദ്ധമായ ശൈലിയിലൂടെ പല രംഗങ്ങളിലും തിളങ്ങുന്നു . അതിലൊന്ന് കണ്ടക്ടര്‍ പണിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂ രംഗമാണ് . പിശുക്കനും കൂര്‍മബുദ്ധിമാനുമായ അമ്മാവനായി വേണു കഥാപാത്രത്തെ അറിഞ്ഞ് അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു . ശ്രീനിവാസന്‍ പല വേഷങ്ങളിലും വന്ന് സ്വഭാഗികമായ ചിരി ഉയര്‍ത്തുന്ന രംഗങ്ങള്‍ ചെയ്തിരിക്കുന്നു . കുറച്ച് ഫിസിക്കല്‍ കോമഡി ഈ സിനിമയില്‍ ഉണ്ടെങ്കിലും അത് ഈ സിനിമയുടെ നര്‍മ ഭാവവുമായി ചേര്‍ന്ന് പോകുന്നത്  കൊണ്ട് അരോചകമായി തോന്നുന്നില്ല .

എന്റെ അഭിപ്രായം : നല്ലത്  

2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഫ്ലാഷ് സിനിമ Flash Malayalam Film Review


ധ്വനി എന്ന കോളേജ് വിദ്യാര്‍ത്ഥിനി തന്റെ തറവാട്ടില്‍ നടന്ന ഏതോ ഒരു സംഭവത്തിന് ശേഷം അസാധാരണമാം വിധം പെരുമാറുന്നു. ബന്ധുവായ പ്രിയന്‍ ധ്വനിയെ മനോരോഗ വിദഗ്ധനായ മിഥുനെ ചികിത്സയ്ക്കായി ഏല്പിക്കുന്നു . മിഥുന്‍ എങ്ങനെ ധ്വനിയുടെ ഈ അവസ്ഥയെ സമീപിക്കുന്നു എന്നതാണ് ഈ സിനിമയിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത് . ഇതിനിടയില്‍ നടക്കുന്ന ചില കൊലപാതകങ്ങള്‍ക്ക്  ഉത്തരവാദിയായി ധ്വനിയെ പോലീസ് സംശയിക്കുന്നു . ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ധ്വനി തന്നെയാണോ , അതോ മറ്റാരെങ്കിലും ആണോ ? ഇവയ്ക്ക് ഉത്തരം നല്‍കാന്‍ മിഥുന്‍ ശ്രമിക്കുന്നു .

നല്ല ക്ഷമാശീലം ഉള്ളവര്‍ക്ക് മാത്രമേ ഈ സിനിമ പൂര്‍ണമായും കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ . കാരണം തുടക്കത്തില്‍ തന്നെ വളരെ അരോചകമായ അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ച വെച്ചിരിക്കുന്നത് . മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ആദ്യ രംഗം വളരെ നിലവാരം കുറഞ്ഞതായി തോന്നുന്നു .പിന്നീട്  താന്‍ അപാര ബുദ്ധിമാനും, ജ്ഞാനിയുമാണെന്ന് പൊങ്ങച്ചം കൂടി വിളമ്പുമ്പോള്‍ നല്ലൊരു ശതമാനം താത്പര്യം സിനിമയില്‍ നഷ്ടപ്പെടുന്നു . ധ്വനിയുടെ ഭാഗം ചെയ്ത പാര്‍വ്വതി  എന്ന നടി അഭിനയം എന്നത് മുഖം കൊണ്ടുള്ള ഗോഷ്ടി എന്നാണ് ധരിച്ചിരിക്കുന്നത്‌ എന്ന് തോന്നുന്നു . മുത്തച്ഛന്റെ ഭാഗം ചെയ്ത നടന്‍ അമിതാഭിനയം കൊണ്ട് വെറുപ്പിക്കുന്നു. ജഗതിയെ വെറുതെ കാഴ്ച വസ്തുവായി ഒരു ചെറിയ വേഷത്തില്‍ ‍ പ്രേഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ കൊണ്ടുവന്നത് പോലെ തോന്നി .നല്ലത് എന്ന് പറയാന്‍ ഉള്ളത് സായികുമാറിന്റെയും,സുരേഷ് കൃഷ്ണയുടെയും അഭിനയമാണ് . കുറച്ചൊക്കെ സിനിമയില്‍ ഒരു സസ്പെന്‍സ്  നിലനിര്‍ത്താന്‍ ‍ കഴിയുന്നുണ്ടെങ്കിലും അത്  നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സിബിക്ക് കഴിഞ്ഞിട്ടില്ല . 

എന്റെ അഭിപ്രായം : നിരാശാജനകം
REVIEW IN ENGLISH 

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ഉത്തരം സിനിമ Utharam Reviewസെലീന എന്ന യുവകവിയത്രി ആത്മഹത്യ ചെയ്യുന്നു . ഇതു എന്ത് കൊണ്ട്  സംഭവിച്ചു എന്നത്  സെലീനയുടെ ഭര്‍ത്താവിനെ അലട്ടുന്നു . ഇതിനു ഒരു ഉത്തരം കിട്ടാന്‍ വേണ്ടി തന്റെ ആത്മസുഹൃത്ത് ജേര്‍ണലിസ്റ്റ്  ബാലുവിനെ സമീപിക്കുന്നു . താന്‍ സെലീനയെ പൂര്‍ണമനസ്സോടെ സ്നേഹിച്ചിരുന്നതായും തങ്ങള്‍ തമ്മില്‍ യാതൊരു ദാമ്പത്യപ്രശ്നവും ഇല്ലായിരുന്നെന്നും    അയാള്‍ ബാലുവിനോട് പറയുന്നു .സെലീനയുടെ മരണത്തിനു പിന്നിലെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ അയാള്‍ ബാലുവിനെ ചുമതലപ്പെടുത്തുന്നു . ഈ സിനിമ ബാലുവിന്റെ ഈ അന്വാഷണത്തിനെ ആസ്പദമാക്കിയാണ് മുമ്പോട്ടു നീങ്ങുന്നത്‌ . 

പ്രേക്ഷകരെ ജിജ്ഞാസയുടെ  മുനമ്പില്‍ നിര്‍ത്താന്‍ ഈ സിനിമയ്ക്ക്‌ കഴിയുന്നുണ്ട് .സാധാരണ ഈ രീതിയിലുള്ള മറ്റു സിനിമകള്‍ പോലെ ഇതില്‍ നായകന്‍ തന്റെ നായകത്വം തെളിയിക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെയില്ല , അതിനു പകരം സ്വാഭാവികമായുള്ള രംഗങ്ങള്‍ നമുക്ക്   കാണാന്‍ കഴിയും . ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത്  സ്വാഭാവികമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട് . സെലീനയുടെ പൂര്‍വകാലചരിത്രം ചികഞ്ഞു പരിശോധിക്കുമ്പോള്‍ ബാലുവിന് പല ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ക്ക്  ദ്രക്സാക്ഷിയാകേണ്ടി   വരുന്നു . ഇത് ബാലുവിനെ ഈ സമസ്യയുടെ ഉത്തരത്തിലേക്ക് നയിക്കുന്നു.

മമ്മൂട്ടി സത്യാന്വാഷിയായ  ജേര്‍ണലിസ്റ്റ്  ആയി കഥാപാത്രത്തിന് മികവു നല്‍കുന്നതില്‍ വിജയിക്കുന്നു .സുകുമാരനും , പാര്‍വ്വതിയും തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി . പവിത്രന്റെ സംവിധാനം പ്രശംസ അര്‍ഹിക്കുന്നു .

എന്റെ അഭിപ്രായം : നല്ലത് 
  

2011, ഏപ്രിൽ 17, ഞായറാഴ്‌ച

എഗൈന്‍ കാസര്‍കോട് കാദര്‍ഭായ് സിനിമ Again Kasargod Kadher Bhai Review


കലാദര്‍ശനയിലെ കലാകാരന്മാര്‍ക്ക് വിയ്യൂര്‍ ജയിലില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു . പൂര്‍വവിദ്യാര്‍ത്ഥികളായ ഉണ്ണിയും അയാളുടെ സുഹൃത്തുക്കളും ഇവരുടെ കൂടെ പോകുന്നു . തങ്ങള്‍ ജയിലില്‍ ആക്കിയ കാസിം, ഇവര്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടുന്നു .കാസിമിന്റെ കൊലയുമായി ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസു സംശയിക്കുന്നു . തമാശയുടെ മേമ്പൊടിയോടെ ഈ പോലീസു അന്വഷണം ഈ സിനിമ കാണിക്കുവാന്‍ ശ്രമിക്കുന്നു . 

വളരെ നിലവാരം കുറഞ്ഞ തമാശ സിനിമയിലുടനീളം കാണാം . തമാശയ്ക്ക് വേണ്ടി മലയാള സിനിമയില്‍ സാധാരണ ഉപയോഗിക്കുന്ന ഫിസിക്കല്‍ കോമഡി, അതായത്  ഓട്ടവും ചാട്ടവും ഉരുണ്ടു വീഴലും അതൊക്കെ ഇതിലുമുണ്ട് . പുതിയ മിമിക്രി കലാകാരന്മാര്‍ നിരാശപ്പെടുത്തുന്നു . ഈ സിനിമയില്‍ മലയാളത്തിലെ വലിയ ഹാസ്യതാരങ്ങള്‍ എല്ലാവരും തന്നെ ഉണ്ടെങ്കിലും ആര്‍ക്കും നല്ല പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്നില്ല . ഇന്നസെന്റിന്റെ അഭിനയവും അരോചകമായി തോന്നി .സുരാജ് ചില രംഗങ്ങളില്‍ തിളങ്ങുന്നു .അതിലൊന്ന്  പ്രമുഖ നടന്മാര്‍ പാട്ട് രംഗങ്ങളില്‍ എങ്ങനെ അഭിനയിക്കും എന്നത്  നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സുരാജിന്  കഴിഞ്ഞിട്ടുണ്ട് . പോലീസു ഉദ്യോഗസ്ഥനായി അഭിനയിച്ച നടന്‍ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയില്ലാത്ത വ്യക്തിയാണെന്ന് തോന്നുന്നു . ഗര്‍ജനം മാത്രമേയുള്ള മുഖത്ത് ഭാവഭേദങ്ങള്‍  വരുത്തുന്നതില്‍ പരാജയപ്പെടുന്നു . എന്നാല്‍ സുരേഷ്കൃഷ്ണ നല്ല പ്രകടനം കാഴ്ച വെക്കുന്നു . തുളസിദാസ് സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയില്‍ ഒരു വമ്പന്‍  പരാജയമാണെന്ന്  പറയാം . തമാശ രംഗങ്ങള്‍ നല്ല രീതിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല , കേവലം ഒരു അടിപ്പടമെന്ന നിലയിലും ഒരു പ്രതീക്ഷ തരുന്നില്ല .

എന്റെ അഭിപ്രായം : മോശം   

2011, ഏപ്രിൽ 16, ശനിയാഴ്‌ച

കല്‍ക്കട്ടാ ന്യൂസ്‌ സിനിമ Calcutta News Review


അജിത്ത് എന്ന മലയാളിയായ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ്  കല്കത്തയില്‍ ജോലി ചെയ്യുന്നു . തന്റെ ജോലിക്കിടയില്‍ ഒരു മലയാളി യുവാവിനെയും യുവതിയെയും അയാള്‍ കണ്ടു മുട്ടുന്നു . എന്നാല്‍ പിന്നീട്  ആ യുവാവ് മരിച്ചതായി ടെലിവിഷന്‍ വാര്‍ത്തയില്‍ അജിത്ത്  കാണുന്നു . ആ യുവതിയെ ഒരു ചേരിയില്‍ അടച്ചിട്ട ഒരു മുറിയില്‍ മുറിവേറ്റു കാണപ്പെടുന്നു . അന്വാഷണത്തില്‍ നിന്ന്  ആ യുവാവ് തന്റെ ഭര്‍ത്താവ് ആണെന്ന് യുവതി പറയുന്നു .ഈ മരണത്തിനു പിന്നിലുള്ള  ദുരൂഹതകളുടെ കെട്ടഴിക്കാന്‍ അജിത്ത് ശ്രമിക്കുന്നു .

തുടക്കത്തില്‍ ഈ സിനിമ നല്ല പ്രതീക്ഷ നല്‍കുന്നു .ആരാണ്  കൊലപാതകത്തിന്റെ പിന്നില്‍, അതിന്റെ പിറകിലെ  കാരണങ്ങള്‍ ഇവയൊക്കെ പ്രേഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്താന്‍ പറ്റിയ ഘടകങ്ങളാണ് , എന്നാല്‍ സിനിമ പുരോഗമിക്കുമ്പോള്‍ അവയ്ക്ക് കോട്ടം തട്ടുന്നു . സാധാരണ കച്ചവട സിനിമകളില്‍ പോലെ ഒരു വില്ലനും കുറെ സംഘട്ടനങ്ങളും കാണാന്‍ കഴിയുന്നു . കൃഷ്ണപ്രിയുടെ ഭൂതകാലം  മനസ്സില്ലാക്കാന്‍  ഉള്ള ശ്രമങ്ങള്‍ യുക്തിക്ക് നിരക്കാത്തതായി തോന്നുന്നു . 

സിനിമയുടെ നല്ല ഘടകങ്ങള്‍ എന്ന്  പറയാന്‍ സാധിക്കുന്നത്  കല്‍കത്ത നഗരത്തെ അതിന്റെ മുഴുവന്‍ പ്രഭയോടെ അവതരിപ്പിക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിട്ടുണ്ട് . അജിത്തിന്റെ മധ്യവര്‍ഗ ജീവിതത്തെ തന്മയത്തോടെ അവതരിപ്പിച്ചിട്ടുണ്ട് . ദിലീപും മീര ജാസ്മിനും നല്ല പ്രകടനം കാഴ്ച വെക്കുന്നു . സിനിമയുടെ പ്രധാന ആകര്‍ഷണം മീര തന്നെയാണ് . എല്ലാം തികഞ്ഞ ഒരു അഭിനയമൊന്നും കാഴ്ച വെക്കാന്‍ മീരക്ക് കഴിഞ്ഞിട്ടില്ലെങ്കിലും കൃഷ്ണപ്രിയ എന്ന യുവതിയുടെ നിഷ്കളങ്കത പ്രതിഭലിപ്പിക്കാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട് .ഇന്നസെന്റ്‌  തന്റെ ഭാഗം നന്നാക്കിയെങ്കിലും തമാശ രംഗങ്ങള്‍ക്ക് ഒരു പുതുമയൊന്നും ഇല്ല .  നല്ല ഒരു സിനിമക്കുള്ള കഥാതന്തു ആണെങ്കിലും ബ്ലെസി അത് എങ്ങനെ പറയണം എന്ന കാര്യത്തില്‍ ആശയകുഴപ്പത്തില്‍ ആണെന്ന് കാണാം . അത് കൊണ്ട്  ഒരു ഒഴുക്കില്ലാതെ പല ദിശകളിലേക്ക്  സിനിമ നീങ്ങുന്നു .

എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം    

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

ഒരു നാള്‍ വരും സിനിമ Oru Naal Varum Review


ഗോപികൃഷ്ണന്‍ എന്ന കൈക്കൂലി വാങ്ങിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും അയാളെ പിടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കഥ ഈ സിനിമ പറയുന്നു. സുകുമാരന്‍ എന്ന വ്യക്തി തന്റെ വീടുപ്പണിക്കുള്ള അനുവാദത്തിനായി ഗോപീകൃഷ്ണനെ സമീപിക്കുന്നു. അയാള്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാകുന്നു. ഗോപികൃഷ്ണന്‍ കൈക്കൂലി വാങ്ങിക്കുമോ, പോലീസ് ഉദ്യോഗസ്ഥന് ഗോപീകൃഷ്ണനെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ സാധിക്കുമോ, ഈ ചോദ്യങ്ങള്‍ക്ക് സിനിമ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു.

മോഹന്‍ലാല്‍ നല്ലൊരു നടനാണ്‌ , എന്നാല്‍ സുകുമാരന്റെ ഭാഗത്തില്‍ ലാലിന്റെ അഭിനയം വളരെ അരോചകമായി തോന്നി. തമാശ രംഗങ്ങള്‍ ഒന്നും തന്നെ ഏശുന്നില്ല. സുകുമാരന്റെ ദാമ്പത്യ പ്രശ്നങ്ങള്‍ മറ്റൊരു കഥയായി സിനിമയ്ക്ക്‌  ഒരു  ഗൌരവ ഭാവം നല്‍കാനുള്ള ശ്രമം പാളി പോകുന്നു. കോടതി ഭാഗങ്ങള്‍ നാടകീയമായി തോന്നുന്നു. പ്രേക്ഷകര്‍ കണ്ണീര്‍ പുഴയോഴുക്കും എന്നായിരുന്നു സംവിധായകന്റെ ഉദ്ദേശമെങ്കില്‍ അതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന് തന്നെ പറയാം.

കൂടുതലും ന്യുനതകള്‍ ആണെങ്കിലും ചില അഭിനേതാക്കളുടെ പ്രകടനത്തെ തട്ടി കളയാന്‍  പറ്റുകയില്ല . സുരാജ് തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് . നെടുമുടി വേണു, കോട്ടയം നസീര്‍ എന്നിവരുടെ കൊച്ചു വേഷങ്ങള്‍ സിനിമയെ പൂര്‍ണ തകര്‍ച്ചയിലേക്ക്  കൂപ്പു കുത്തുന്നതില്‍ നിന്ന് രക്ഷിക്കുന്നു. 

എന്റെ അഭിപ്രായം : നിരാശാജനകം
REVIEW IN ENGLISH              

2011, ഏപ്രിൽ 10, ഞായറാഴ്‌ച

പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്റ് സിനിമ Pranchiyettan and Saint Review


ഫ്രാന്‍സിസ്  എന്ന കച്ചവടക്കാരന്‍ സന്തോഷവാനല്ല , കാരണം കച്ചവടത്തില്‍ വിജയിച്ചിട്ട്  ഉണ്ടെങ്കിലും തന്റെ വിദ്യാഭ്യാസ പശ്ചാത്തലം മോശമായത് കൊണ്ട്  ആളുകള്‍ തന്നെ ബഹുമാനിക്കുന്നില്ല എന്നതില്‍ ദുഖിക്കുന്നു. ഇത് മാറ്റുവാന്‍ വേണ്ടി ഒരു ഉയര്‍ന്ന പുരസ്കാരം കിട്ടാന്‍ വേണ്ടി ഫ്രാന്‍സിസ്  ശ്രമിക്കുന്നു. ഈ  ശ്രമങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ ഇവിടെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത്  നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു. ഫ്രാന്‍സിസ്  പുണ്യാളന്‍ ഫ്രാന്‍സിസ്  കച്ചവടക്കാരനോട്  സംസാരിക്കുന്ന രംഗങ്ങള്‍ നല്ല രീതിയില്‍ ചിത്രികരിച്ചവയാണ് . എങ്കിലും ചില രംഗങ്ങളില്‍ പുണ്യാളന്‍ ആയി അഭിനയിച്ച നടന്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല . ഈ സിനിമയുടെ ഏറ്റവും നല്ല രംഗമായി തോന്നുന്നത്  പുരസ്കാരം കിട്ടാന്‍ വേണ്ടി ഫ്രാന്‍സിസിന്റെ മതമൈത്രി സ്നേഹം പെരുപ്പിച്ചു കാണിക്കുന്ന രംഗമാണ് . പുരസ്കാരത്തിന് വേണ്ടിയുള്ള ഫ്രാന്‍സിസിന്റെ ശ്രമങ്ങളെ അവലംബിച്ച് കൊണ്ടുള്ള രംഗങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു . എന്നാല്‍ ഫ്രാന്‍സിസിന്റെ പ്രേമം ഭാഗം വരുന്നതോടെ സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു . നല്ല ചില മുഹൂര്‍ത്തങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും നേരത്തെ കാണിച്ച സ്വാഭാവികത ഇവിടെ നഷ്ടപ്പെടുന്നു. ഇതിനു ശേഷം പ്രതിഭാശാലിയായ കുട്ടിയുടെ ആഗമനം സിനിമയെ വീണ്ടും നിലവാരത്തകര്ച്ചയിലേക്ക്  നയിക്കുന്നു. ഈ കുട്ടിയുടെ അഭിനയം വളരെ അരോചകമായി തോന്നി. ജഗതിയുടെ കഥാപാത്രം ഏച്ച് കെട്ടിയത് പോലെ തോന്നുന്നു , തമാശരംഗങ്ങള്‍  നിലവാരം പുലര്‍ത്തുകയും ചെയ്യുന്നില്ല . കുട്ടിയുടെ പ്രതിഭ വെളിവാക്കാന്‍ കാണിച്ച സംഭവങ്ങള്‍  ബാലിശമായി തോന്നി .

മേല്‍ കാണിച്ചത് പോലെ ഈ സിനിമയില്‍ ന്യുനതകള്‍ ഉണ്ടെങ്കിലും മൊത്തത്തില്‍ ഇത് ഒരു നല്ല സിനിമയാണെന്ന് പറയാം .മമ്മൂട്ടി ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌ അഭിനയിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു . ഉന്നത നിലവാരം പുലര്‍ത്തുന്ന ആക്ഷേപഹാസ്യം സിനിമയുടെ ഭാഗമാക്കുന്നതില്‍ രഞ്ജിത്ത്  വിജയിച്ചിട്ടുണ്ട് . ഇന്നസെന്റ്‌ ,പ്രിയമണി,സിദ്ദിക്  എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കിയിട്ടുണ്ട് . 

എന്റെ അഭിപ്രായം : നല്ലത്    
 

2011, ഏപ്രിൽ 9, ശനിയാഴ്‌ച

സകുടുംബം ശ്യാമള സിനിമ Sakudumbam Shyamala Review


വീട്ടമ്മയായ ശ്യാമളയും സഹോദരന്‍ ശേഖരനും ബദ്ധ ശത്രുക്കള്‍ ആണ് . സ്ഥലത്തെ കളക്ടര്‍ ആയ ശേഖരന്‍ അവസരം കിട്ടുമ്പോള്‍ തന്റെ കൂടെ ജോലി ചെയ്യുന്ന ശ്യാമളയുടെ ഭര്‍ത്താവായ വാസുദേവനെ താഴ്ത്തി കാട്ടാന്‍  ശ്രമിക്കും. ഈ കാരണം കൊണ്ട്  ശ്യാമളക്ക്  എങ്ങനെയെങ്കിലും ശേഖരനെ തോല്‍പ്പിക്കണം എന്നാണ്  ആഗ്രഹം. ഈ വഴക്കിനെ നര്‍മത്തില്‍ പൊതിഞ്ഞ രംഗങ്ങള്‍ കൊണ്ട്  സമ്പന്നം ആക്കുകയാണ് ഈ സിനിമ. ചില സാഹചര്യങ്ങള്‍ കൊണ്ട്  ശ്യാമളക്ക്  സ്ഥലത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നു . ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ ഭാഷയില്‍ ഈ സിനിമ അവതരിപ്പിക്കുന്നു.

വാശിക്കാരിയായ വീട്ടമ്മയുടെ ഭാഗം പൂര്‍ണമായി വിജയിപ്പിക്കുന്നതില്‍ ഉര്‍വ്വശി  വിജയിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌ . ചില രംഗങ്ങളില്‍ ഓവര്‍ ആക്ടിംഗ്  ആയിട്ട് തോന്നുന്നുണ്ട് . എങ്കിലും  ഉര്‍വ്വശി അല്ലാതെ ആരെയും ഈ ഭാഗത്തില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. സുരാജ് തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് . ഒരു രാഷ്ട്രിയക്കാരന്റെ കുടിലബുദ്ധിയും, കൂര്‍മതയും നര്‍മത്തില്‍ പൊതിഞ്ഞ് സ്വാഭാവികമായി അവതരിപ്പിക്കുന്നതില്‍ സുരാജ് വിജയിച്ചിട്ടുണ്ട് . സംവിധായകന്‍ എന്ന നിലയില്‍ രാധാകൃഷ്ണന്‍ തന്റെ മുദ്ര പതിപ്പിക്കുന്ന പല രംഗങ്ങളും ഈ സിനിമയില്‍ ഉണ്ട് . ഒരു രംഗം തിരഞ്ഞെടുപ്പ്  ഫല പ്രഖ്യാപനത്തിന്റെ  സമയത്ത്  വിവിധ കഥാപാത്രങ്ങളുടെ  പ്രതികരണമാണ് . സിനിമയുടെ ഒരു ന്യുനത ആയി തോന്നുന്നത്  ജഗദീഷ് ചെയ്ത കഥാപാത്രമാണ് . തമാശയ്ക്ക് വേണ്ടി വെറുതെ അടി കൊള്ളുന്ന ഈ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. സായികുമാര്‍, ബോബന്‍, വേണു തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി . ഒരു സാധാരണ കഥയെ ശുദ്ധമായ ഹാസ്യം കൊണ്ട്  വിരസത തോന്നാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട് .

എന്റെ അഭിപ്രായം : കൊള്ളാം 

   

2011, മാർച്ച് 26, ശനിയാഴ്‌ച

കുട്ടിസ്രാങ്ക് സിനിമ Kutty Srank Review


ഒരു സിനിമയ്ക്ക്‌   ദേശിയ പുരസ്കാരം ലഭിക്കുമ്പോള്‍ അതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതായിരിക്കും.കുട്ടിസ്രാങ്കും ആ ഗണത്തില്‍പ്പെടുന്നു.പക്ഷെ സിനിമയുടെ തുടക്കത്തില്‍ തന്നെ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. ഈ സിനിമ കുട്ടിസ്രാങ്ക് എന്ന വ്യക്തിയുടെ ജീവിത കഥ, മൂന്ന്   വിത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ  വീക്ഷണത്തില്‍ നിന്ന് പറയുന്നു. 

ആദ്യ കഥയില്‍ കുട്ടിസ്രാങ്ക്, രേവമ്മയുടെ മുമ്പില്‍ രേവമ്മയുടെ  ക്രുരനായ അച്ചന്റെ വിശ്വസ്ത സേവകനായി പ്രത്യക്ഷപ്പെടുന്നു.തന്റെ അച്ചന്‍ ചെയ്തു കൂട്ടുന്ന ക്രൂരകൃത്യങ്ങള്‍ക്ക്  എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് രേവമ്മ മനം  മാറ്റം വന്ന കുട്ടിസ്രാങ്കിന്റെ കൂടെ  അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇവിടെ രംഗങ്ങള്‍ വളരെ നാടകീയമായി തോന്നുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി ഇവിടെ  ഒരു പരാജയമാണെന്ന് പറയാം.പത്മപ്രിയയുടെ അഭിനയത്തില്‍ സ്വഭാവികതയെക്കാള്‍ നാടകീയത കൂടുതലായി തോന്നുന്നു. 

രണ്ടാമത്തെ കഥയില്‍  കുട്ടിസ്രാങ്ക്  ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ്  പ്രത്യക്ഷപ്പെടുന്നത് . ചവിട്ടുനാടകത്തില്‍ തത്പരരായ ഒരു പറ്റം ആളുകളുടെ ഇടയില്‍ കുട്ടിസ്രാങ്കിനെ നമുക്ക് കാണാം. നാടക ആശാനായ ലോനി കുട്ടിസ്രാങ്കിനെ  നാടകത്തില്‍ നായക വേഷം നല്‍കുന്നു. എന്നാല്‍ സ്ഥലത്തെ പണക്കാരനായ ജോപ്പന്‍ അവിടത്തെ വികാരിയുടെ സഹായത്തോടെ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. കുട്ടിസ്രാങ്കിനെ സ്നേഹിക്കുന്ന ലോനിയുടെ സഹോദരി പെമെന്നയുടെ കാഴ്ചപ്പാടിലാണ്  ഈ കഥ പുരോഗമിക്കുന്നത് .ഇവിടെ സംവിധായകന്‍ എന്ന നിലയില്‍ ഷാജി തിളങ്ങുന്നു. ചവിട്ടുനാടകത്തിന്റെ പശ്ചാത്തലവും അഭിനേതാക്കളില്‍ നിന്ന് സ്വാഭാവികമായ അഭിനയവും നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ ഷാജിക്ക് കഴിഞ്ഞിട്ടുണ്ട് . ദൈവഭയമുള്ള ആ ജനതയെ ചൂഷണം ചെയ്യുന്ന വികാരിയായി സിദ്ദിക്കും, നാടക ആശാനായി സുരേഷ് കൃഷ്ണയും, പെമെന്നയായി കമാലിനിയും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. 

മൂന്നാമത്തെ കഥയില്‍ മൂകയായ കാളി എന്ന സ്ത്രീയുടെ ജീവിതത്തിലാണ് കുട്ടിസ്രാങ്ക് പ്രത്യക്ഷപ്പെടുന്നത് .എല്ലാവരാലും തഴയപ്പെട്ട കാളിയുടെ രക്ഷിതാവായിട്ടാണ് കുട്ടിസ്രാങ്കിനെ നമുക്ക് ഇവിടെ കാണാന്‍ കഴിയുക.ഇവിടെ സിനിമ വീണ്ടും അതിനാടകീയതയിലേക്ക് നീങ്ങുന്നതായി കാണാം.ക്ഷയിച്ചു കൊണ്ടിരുക്കുന്ന തറവാടിനെ രക്ഷിക്കാന്‍ അന്ധവിശ്വാസിയായ ഉണ്ണിത്താന്‍ എടുക്കുന്ന  തീരുമാനവും, അത്  നടപ്പിലാക്കാന്‍ കുട്ടിസ്രാങ്കിനെ  ഏല്‍പ്പിക്കുന്നതും ശക്തമായ ഒരു പ്രമേയമാണെങ്കിലും, അത്  തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ ഷാജി പരാജയപ്പെട്ടിരിക്കുന്നു. ആ എഴുത്തുകാരി കഥാപാത്രം അനാവശ്യമായി ഏച്ചു കെട്ടിയത്   പോലെ തോന്നുന്നു.

ഈ മൂന്നു സ്ത്രികള്‍ തങ്ങളുടെ കഥകള്‍ പോലീസുകാരനോട്‌  വിവരിക്കുന്ന രംഗങ്ങള്‍ നന്നായിട്ടുണ്ടങ്കിലും, മൊത്തത്തില്‍ ആദ്യത്തെയും, മൂന്നാമത്തെയും കഥകളിലെ ബലഹീനത കാരണം സിനിമ പ്രതിക്ഷക്കൊത്ത്   ഉയര്‍ന്നിട്ടില്ല.. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ നന്നാക്കി.

എന്റെ അഭിപ്രായം : നിരാശാജനകം  
REVIEW IN ENGLISH                                   

2011, മാർച്ച് 19, ശനിയാഴ്‌ച

ഇവിടം സ്വര്‍ഗ്ഗമാണ് സിനിമ Ividam Swargamanu Review


ചാണ്ടി എന്ന ഭൂമി ഇടപാടുകാരന്‍, മാത്യുസ് എന്ന കര്‍ഷകന്റെ ഭൂമി വാങ്ങിക്കാന്‍ താത്പര്യം കാണിക്കുന്നു.ചാണ്ടിക്ക് അത് വാങ്ങി പതിന്മടങ്ങ്‌ ലാഭത്തില്‍ വില്‍ക്കാന്‍ ആണ് ഉദ്ദേശം.എന്നാല്‍ വളരെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തന്റെ കൃഷിഭൂമി വില്‍ക്കാന്‍ മാത്യുസ്‌ തയ്യാറാകുന്നില്ല. ഇത് ചാണ്ടിയെ പ്രകോപ്പിതനാക്കുകയും തന്റെ പ്രഭാവം ഉപയോഗിച്ച് മാത്യുസിനു മേല്‍ കള്ള കേസുകള്‍ ചാര്‍ത്താന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ സിനിമ ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തെയും മാത്യുസ്‌ എങ്ങനെ തന്റെ കൃഷിഭൂമി സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് തമാശയുടെ മേമ്പോടിയോടെ അവതരിപ്പിക്കുന്നു.

സിനിമയുടെ തുടക്കം ഒച്ചിഴയുന്ന വേഗതയിലാന്നു. കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും, മാത്യുസിന്റെ ഫാം വര്‍ണ്ണിക്കാനും അനാവശ്യമായി വളരെ സമയം പാഴാക്കുന്നു. ഭൂമാഫിയകള്‍ എങ്ങനെ ഫലഭൂവിഷ്ടമായ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നത് വരച്ച് കാണിക്കാന്‍ ഈ സിനിമയില്‍ ഒരു ശ്രമം നടത്തുന്നതായി കാണാം. ഒരു പരിധി വരെ സംവിധായകന്‍ അതില്‍ വിജയിച്ചു എന്ന് പറയാം. അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.ഒരു സാധാരണക്കാരന്റെ ഭാഗം തന്മയത്തോടെ അവതരിപ്പിക്കാന്‍ ലാലിന് കഴിഞ്ഞിട്ടുണ്ട്.സംവിധായന്‍ എന്ന നിലയില്‍, റോഷന്‍ അതിഭാവുകതയും,ലാലിന് അതിമാനുഷകതയും നല്‍കാതെ ലളിതമായ രീതിയില്‍  ഈ സിനിമ എടുക്കുന്നതില്‍  ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.ജഗതിയുടെ കഥാപാത്രം നന്നായിട്ടുണ്ട്. ലാലു അലക്സ്‌ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും ചില രംഗങ്ങളില്‍ അത്ര നന്നായിട്ടില്ല.

എന്റെ അഭിപ്രായം : കൊള്ളാം 
                          

2011, മാർച്ച് 15, ചൊവ്വാഴ്ച

പതിനൊന്നില്‍ വ്യാഴം സിനിമ Pathinonnil Vyazham Malayalam Review

അപ്പു എന്ന ചെറുപ്പക്കാരന്‍ ചന്ദ്രന്‍ പിള്ള എന്ന അന്ധവിശ്വാസിയായ ധനികനെ കണ്ടുമുട്ടുന്നു. ജീവിതത്തില്‍ ഉയരണം എന്ന് ആഗ്രഹിക്കുന്ന അപ്പു, ചന്ദ്രന്‍ പിള്ളയുടെ ഒരു രഹസ്യം അറിഞ്ഞ് അയാളെ തന്റെ വലയില്‍ കുരുക്കുന്നു.ചന്ദ്രന്‍ പിള്ളയ്ക്ക് അപ്പുവിന് ഒരു ജോലി നല്‍കേണ്ടതായി വരുന്നു.ജാതകദോഷം മാറ്റാന്‍ വേണ്ടി പിള്ളയ്ക്ക് തന്റെ മകളെ അപ്പുവിന് വിവാഹം ചെയ്തു കൊടുക്കേണ്ടി വരുന്നു. അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളെ തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണീ ചിത്രത്തില്‍.

സാധാരണ മലയാള തമാശ ചിത്രങ്ങള്‍ പിന്തുടരുന്ന പ്രമേയം തന്നെ ഈ ചിത്രവും പിന്തുടരുന്നുവെങ്കിലും പോള്‍,ജഗതി,മുകേഷ് എന്നിവരുടെ നല്ല പ്രകടനം കാരണം മുഷിവില്ലാതെ ചിത്രം കണ്ടിരിക്കാം. ഭാഗ്യത്തിന് ഹാസ്യത്തിന് വേണ്ടി ഒരാള്‍ മറ്റൊരാളെ തല്ലുന്ന രംഗമോ, അല്ലെങ്കില്‍  ഒരാള്‍ വീഴുന്നതോ ആയ രംഗങ്ങള്‍ സാധാരണ മറ്റു തമാശ ചിത്രങ്ങളില്‍ ഉള്ളത് പോലെ ഇതിലില്ല. അത്ര ഉന്നത നിലവാരം പുലര്‍ത്തുന്ന ഹാസ്യമോന്നുമല്ലെങ്കിലും പല രംഗങ്ങളിലും ഒരു ചെറു പുഞ്ചിരി സൃഷ്ടിക്കാനുതകുന്ന  ഹാസ്യം സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

എന്റെ അഭിപ്രായം : കൊള്ളാം 
 REVIEW IN ENGLISH             

2011, മാർച്ച് 13, ഞായറാഴ്‌ച

ലൗഡ്സ്പീക്കര്‍ സിനിമ Loudspeaker Malayalam Review

മൈക്ക് എന്ന കര്‍ഷകന്‍ തന്റെ കടബാധ്യത ഒഴിവാക്കാന്‍ വേണ്ടി തന്റെ കിഡ്നി ആനന്ദ് എന്ന ധനികന് ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു.അതിലേക്കായി ആനന്ദിന്റെ വീട്ടില്‍ താമസിക്കുന്നു.മൈക്കിന്റെ സവിശേഷതയെന്തെന്നാല്‍ വളരെ ഉച്ചത്തിലെ സംസാരിക്കുകയുള്ളൂ ,കാണുന്ന ആള്‍ക്കാരുമായും  ചങ്ങാത്തം കൂടാന്‍ ശ്രമിക്കും,ഒരു ഗ്രാമീണന്റെ എല്ലാ നിഷ്കളങ്കതയുമുള്ള  ഒരു സ്വഭാവം.ശാന്തത ആഗ്രഹിക്കുന്ന ആനന്ദിന് മൈക്കിന്റെ ഈ സ്വഭാവം ആദ്യം ഇഷ്ടപ്പെടുന്നില്ല.എന്നാല്‍ മൈക്ക്  വളരെ പെട്ടെന്ന് തന്നെ ആനന്ദിന്റെ അയല്‍ക്കാരുടെ സ്നേഹം പിടിച്ചു പറ്റുന്നു.ഏകനായ ആനന്ദിന്റെ  ദുഃഖം മനസ്സിലാക്കി മൈക്ക് ആനന്ദിനെ സഹായിക്കുകയും അത് വഴി ആനന്ദിന്റെ സ്നേഹം പിടിച്ച് പറ്റുകയും ചെയ്യുന്നു.

ജയരാജ്‌  സംവിധായകന്‍ എന്ന നിലയില്‍ ഒരു ഹൃദയസ്പര്‍ശിയായ കഥ അവതരിപ്പിക്കുന്നതില്‍  വിജയിക്കുന്നുണ്ടെങ്കിലും, ഒരു ഒഴുക്കുള്ള തിരക്കഥ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു.പല ഭാഗങ്ങളിലും ഒരു ഇഴച്ചില്‍ കാണപ്പെടുന്നു.ആനന്ദിന്റെ പൂര്‍വകാല ചരിത്രം മികവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.തമാശയ്ക്ക് വേണ്ടിയുള്ള കൊച്ചു കുട്ടികളുടെ രംഗങ്ങളും അത്ര നന്നായില്ല.മമ്മൂട്ടി അഭിനേതാവ് എന്ന നിലയില്‍ തിളങ്ങുന്നു.ആ ഒരു കഥാപാത്രത്തെ അറിഞ്ഞ്,സ്വാഭാവികമായ ഒരു അഭിനയം കാഴ്ച വയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്‌. ആനന്ദിന്റെ ഭാഗം ശശികുമാര്‍ ഭംഗിയാക്കി. മറ്റു അഭിനേതാക്കളില്‍ ജനാര്‍ദ്ദനന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

എന്റെ അഭിപ്രായം : കൊള്ളാം

2011, മാർച്ച് 12, ശനിയാഴ്‌ച

Namukku Parkkan Munthiri Thoppukal നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമ Reviewനമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മലയാളസിനിമയിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളില്‍ ഒന്നാണ് .പ്രേമം സാധാരണ എല്ലാ സിനിമകളിലും ഉപയോഗിക്കുന്ന ഒരു വികാരമാണ്,പക്ഷെ ഒരു പത്മരാജന്‍ ചിത്രത്തില്‍ അതിനെ വിത്യസ്തതലങ്ങളിലേക്ക് കൊണ്ട് പോകുകയാണ് .ഈ ചിത്രത്തില്‍ പ്രേമത്തിനെ അതിന്റെ സ്വാഭാവികമായ അനുഭൂതി,അതിനാടകിയത ചേര്‍ക്കാതെ പത്മരാജന്‍ അവതരിപ്പിക്കുന്നു.

സോളമന്‍ സോഫിയയോട് തന്റെ പ്രേമം അറിയിക്കുന്നത് ഒരു ബൈബിള്‍ വചനത്തിലൂടെയാണ്.പ്രേമത്തിന്റെ നനുത്ത ഭാവങ്ങളെ അതിന്റെ സ്വാഭാവികതയോടെ  പുറത്തു കൊണ്ട് വരാന്‍ ഈ രംഗത്തിനു കഴിയുന്നു.ഈ സമയത്ത്,സോളമന്‍ തന്നെ പ്രേമിക്കുന്നു എന്ന അറിവ് സോഫിയയുടെ മുഖഭാവത്തിലുണ്ടാക്കുന്ന മാറ്റം,ഈ സിനിമയുടെ മനോഹരമായ രംഗങ്ങളിലോന്നാന്നു.ഈ സിനിമയെ കേവലം ഒരു പ്രേമകഥ എന്ന്‍ പറഞ്ഞു നിര്‍വചിക്കാന്‍ കഴിയുകയില്ല.മധ്യവര്‍ഗ സിറിയന്‍ ക്രിസ്ത്യന്‍ ജീവിതത്തിലേക്ക് ഒരു കണ്ണാടി കൂടിയാണിത് .പ്രേമത്തിന് അതിര്‍ വരമ്പുകള്‍ ഇല്ലെന്നു ഈ സിനിമ തെളിയിക്കുന്നു.സിനിമയുടെ അവസാന രംഗങ്ങളില്‍ ഈ തീഷ്ണമായ പ്രേമമാണ് സോളമനെ സോഫിയയക്ക്‌ സംഭവിച്ച ദുരിതങ്ങള്‍ക്കതിതമായി  അവളെ  സ്നേഹിക്കാന്‍ പ്രേരണ നല്‍കുന്നത്.

അഭിനേതാക്കളില്‍ തിലകന്റെ അഭിനയം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.സാധാരണ സിനിമകളില്‍ കാണുന്ന അട്ടഹസിക്കുന്ന വില്ലന്‍ കഥാപാത്രമായല്ല, പക്ഷെ നിത്യജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയുന്ന തന്നിഷ്ടക്കാരനും കാമവെറി പൂണ്ടതുമായ ഈ കഥാപാത്രത്തെ അറിഞ്ഞു അഭിനയിക്കുന്നതില്‍ തിലകന്‍ വിജയിച്ചിരിക്കുന്നു.മോഹന്‍ലാലും ശാരിയും തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.ജോണ്‍സന്റെ   മനോഹരമായ പശ്ചാത്തല സംഗീതം പ്രേമത്തിന്റെ നനുത്ത ഭാവങ്ങളെ,മാസ്മരികതയെ ഉള്‍ കൊള്ളുനതില്‍ വിജയിച്ചിരിക്കുന്നു.ഗാനങ്ങളും വളരെ നല്ലതാണ്.

എന്റെ  അഭിപ്രായം : വളരെ നല്ലത്     


ENGLISH REVIEW
       

T D ദാസന്‍ സിനിമ Std VI B T D Dasan Std VI B Review


നന്ദകുമാര്‍ എന്ന സംവിധായകന് ഒരു കത്ത് ലഭിക്കുന്നു. ദാസന്‍ എന്ന കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിട്ടു പോയ തന്റെ അച്ചന്‍ ദാമോദരന് അയച്ച കത്ത് ആയിരുന്നു അത് .അന്വാഷിച്ചപ്പോള്‍ ദാമോദരന്‍ ഈ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന ആളിന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. നന്ദകുമാര്‍ ദാമോദരനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതേ സമയം ആ കത്ത് നന്ദകുമാറിന്റെ മകള്‍ അമ്മു വായിക്കാന്‍ ഇടയാകുന്നു. ദാമോദരന്‍ എന്ന വ്യാജേന അമ്മു ദാസന് കത്തുകള്‍ അയക്കാന്‍ തുടങ്ങുന്നു. ഈ കുട്ടികള്‍ തമ്മിലുള്ള ആശയവിനിമയവും അതിന്റെ പ്രത്യാഘാതങ്ങളെ ആസ്പദമാക്കിയാണ് സിനിമ മുമ്പോട്ട് നീങ്ങുന്നത്‌.

മോഹന്‍ രാഘവന്‍ സംവിധായകന്‍ എന്ന നിലയില്‍ നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കത്ത് ലഭിക്കുമ്പോള്‍ നന്ദകുമാര്‍ അതിനെ ആസ്പദമാക്കി ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുന്ന പാരലെല്‍ ട്രാക്ക് നന്നായിട്ടുണ്ട്. അത് വഴി സിനിമയില്‍ സംഭവിക്കുന്നതുപോലെ ഒരു ശുഭകരമായ അന്ത്യം ദാസന്റെ കാര്യത്തിലും ഉണ്ടാകുമോ എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. കോള കമ്പനിക്കെതിരെയുള്ള പ്രക്ഷോഭം മുഖ്യകഥക്ക് കോട്ടം തട്ടാതെ ചേര്‍ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. അഭിനേതാക്കളില്‍ ശ്വേത മേനോന്‍ ദാസന്റെ അമ്മയായി നല്ല അഭിനയം കാഴ്ച വയ്ക്കുന്നു. ദാസനും അമ്മുവായും അഭിനയിക്കുന്ന കുട്ടികളും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. കുട്ടികളുടെ പവിത്രമായ മനസ്സിനെ എടുത്തു കാണിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു സിനിമ.


എന്റെ അഭിപ്രായം : നല്ലത് 

REVIEW IN ENGLISH 

2011, മാർച്ച് 10, വ്യാഴാഴ്‌ച

പലേരിമാണിക്യം ഒരു കൊലപാതകത്തിന്റെ കഥ മലയാളം സിനിമ Palerimanikyam Oru Kolapathakanthinte Kadha Reviewഹരിദാസ്‌ തന്റെ സുഹൃത്ത്‌ സരയുവിന്റെ കൂടെ പലേരി എന്ന ഗ്രാമത്തില്‍ എത്തിച്ചേരുന്നു. 52 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട മാണിക്യം എന്ന സ്ത്രീയെക്കുറിച്ചു അറിയുന്നതിനായിരുന്നു. പൊലീസിനു കൊലപാതകിയെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമായി സംസാരിച്ചപ്പോള്‍ അഹമ്മദ്‌ ഹാജി എന്ന ഭൂപ്രമുഖനു ഇതുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹാജിയുടെ മകനെ ഹരിദാസ് പോയി കാണുന്നു. ഹരിദാസിന് ഈ കൊലപാതകവുമായി എന്താണ് ബന്ധം, ഹാജിയുടെ മകന്റെ പങ്ക് എന്താണ്. ഇവയ്ക്ക് സിനിമയുടെ അവസാന ഭാഗങ്ങളില്‍ ദുരൂഹതയുടെ കെട്ട് അണിയുമ്പോള്‍ നമുക്ക് ഉത്തരം ലഭിക്കുന്നു.

സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 52 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളം പുനസ്രിഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ആ കാലഘട്ടത്തിലെയും ഈ കാലഘട്ടത്തിലെയും സംഭവങ്ങള്‍ കോര്‍ത്ത്‌ ഇണക്കിയുള്ള ചില രംഗങ്ങള്‍ നന്നായിട്ടുണ്ട്. ഈ സിനിമ കേവലം ഒരു കൊലപ്പാതകവും അതിനെ കുറിച്ചുള്ള അന്വാഷണവും മാത്രമല്ല, ആ കാലഘട്ടത്തിലെ രാഷ്ട്രിയവും അതിനോട് അനുബന്ധിച്ചുള്ള മാറ്റങ്ങളും വരച്ച് കാണിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പങ്ക് പരോക്ഷമായി ഈ കൊലപ്പാതകത്തില്‍ ഹാജിയെ സഹായിക്കുക വഴിയുണ്ടെന്നും നമുക്ക് അറിയാന്‍ കഴിയുന്നു. ഇത് പോലൊരു പ്രമേയം വഴി പരിശുദ്ദമെന്നു നാം കരുതുന്ന പലതിലും തിന്മ ഉണ്ടെന്നു പറയാന്‍ ശ്രമിക്കുന്നതായി കാണാം. ഈ ഒരു വീക്ഷണത്തെ മുമ്പില്‍ കൊണ്ടു വരുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.

മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. സരയു എന്ന കഥാപാത്രത്തിന്റെ ആവശ്യകത ഇല്ലായിരുന്നു. സരയു,ഹരിദാസ്‌ ബന്ധം വെറുതെ ഒരു സമസ്യ സൃഷ്ടിക്കാന്‍ വേണ്ടി ഉണ്ടാക്കിയത് പോലെ തോന്നുന്നു.

എന്റെ അഭിപ്രായം : നല്ലത്                              

Review in English

  2011, മാർച്ച് 7, തിങ്കളാഴ്‌ച

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് മലയാളം സിനിമ Malarvadi Arts Club Review


അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലെക്കു കണ്ണോടിക്കുകയാണ് ഈ സിനിമ. കലാപരമായി കഴിവുകള്‍ ഉള്ളവര്‍ ആണെങ്കിലും ജീവിതത്തിനെ ഒരു നേരമ്പോക്ക് മാത്രമായിട്ടാണ് ഇവര്‍ കാണുന്നത്. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ പല ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെങ്കിലും അവര്‍ക്ക് സംഗീതത്തില്‍ കഴിവുകള്‍ ഉള്ളത് കൊണ്ട്‌ ഒരു ഗാനമേള സംഘം രൂപികരിക്കുന്നു. പക്ഷെ പ്രോഗ്രാമുകള്‍ കിട്ടാന്‍ അവര്‍ ബുദ്ധിമുട്ടുന്നു. ഇതിനിടയില്‍ അവരില്‍ ഒരാള്‍ക്ക്‌ ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവസരം കിട്ടുകയും അയാള്‍ വിജയിക്കുകയും ചെയ്യുന്നു. ഈ വിജയം കൊണ്ട്‌ അയാള്‍ക്ക്‌ വേറെ അവസരങ്ങള്‍ ലഭിക്കുകയും, ഇത് അയാളും മറ്റു നാല് പേരുമായി തെറ്റിധാരണകള്‍ക്ക് ഇട വരുത്തുന്നു. എങ്ങനെ ഈ സുഹൃത്തുകളുടെ ജിവിതം മുമ്പോട്ടു നീങ്ങുന്നു എന്നതിനെ ആസ്പദമാക്കിയാണ് ഈ സിനിമ.

സംവിധായകന്‍ എന്ന നിലയില്‍ വിനീത് തന്റെ കഴിവ് പ്രകടിപ്പിക്കുന്നെണ്ടങ്കിലും അതിനാടകിയമായ ചില രംഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. കഥയില്‍ പുതുമയൊന്നുമില്ല. പല രംഗങ്ങളും കച്ചവടതാത്പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി ഏച്ച് കെട്ടിയത് പോലെ തോന്നുന്നു. അഭിനേതാക്കളില്‍ പുതുമുഖങ്ങള്‍ തെറ്റില്ലാത്ത അഭിനയം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും, അവരുടെ പരിചയക്കുറവ് ചില രംഗങ്ങളില്‍ കാണാനുണ്ട്. 


എന്റെ അഭിപ്രായം : നിരാശാജനകം 
 Review in English

2011, മാർച്ച് 5, ശനിയാഴ്‌ച

ഭ്രമരം മലയാളം സിനിമ Bhramaram Malayalam Reviewഉണ്ണി തന്റെ ഭാര്യയുടെയും മകളുടെയും കൂടെ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. ഒരു ദിവസം ഒരു അജ്ഞാതന്‍ ഉണ്ണിയുടെ വീട്ടില്‍ വരുന്നു. താന്‍ ഉണ്ണിയുടെ ബാല്യകാല സുഹൃത്താണെന്ന് അജ്ഞാതന്‍ പറയുന്നു. ഉണ്ണിക്കു എത്ര ആലോചിച്ചിട്ടും ഇതാരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തന്റെ ആത്മസുഹൃത്ത് അലക്സിനോട് സംസാരിച്ചപ്പോള്‍ താന്‍ ചെറുപ്പത്തില്‍ ചതിച്ച ശിവന്കുട്ടിയാണ് ഇതെന്ന് മനസ്സിലാക്കുന്നു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ശിവന്‍കുട്ടി ബലമായി ഉണ്ണിയെ തന്റെ താമസസ്ഥലത്തേക്ക് കൊണ്ട് പോകുന്നു. ഈ യാത്രയില്‍ അലെക്സും പങ്കു ചേരുന്നു. ഈ യാത്രയില്‍ ഈ മൂന്നു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും,ശിവന്‍ കുട്ടിയുടെ ഭ്രാന്തിനോടടുത്തുള്ള രൂപപ്പകര്‍ച്ചയും ആസ്പദമാക്കിയാണ് സിനിമ മുമ്പോട്ടു നീങ്ങുന്നത്‌.

ബ്ലെസ്സി സംവിധായകന്‍ എന്ന നിലയില്‍ പല രംഗങ്ങളില്‍ തിളങ്ങുന്നുണ്ട്  എങ്കിലും , അതിനാടകീയമായ ചില രംഗങ്ങള്‍ ഒഴിവാക്കുന്നതില്‍ പരാജയപ്പെടുന്നു. ശിവന്‍ കുട്ടിയുടെ ഉദ്ദേശം എന്തെന്ന് സിനിമയുടെ തുടക്കത്തില്‍ പ്രേക്ഷകരില്‍ ജ്നിജ്ഞാസ ഉണര്‍ത്താന്‍ കഴിഞ്ഞെങ്കിലും സിനിമ പുരോഗമിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ കഴിയുന്നു. മോഹന്‍ലാല്‍ നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളില്‍ ഉണ്ണി എന്ന കഥാപാത്രത്തിന്റെ മനോവ്യഥ അവതരിപ്പിക്കുന്നതില്‍ സുരേഷ് മേനോന്‍ വിജയിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന് തിരക്കഥയില്‍ നല്ല പ്രാമുഖ്യമുണ്ട്. എന്നാല്‍ ഒരു ന്യൂനത ആയി തോന്നുനത് അലക്സ്‌  എന്ന കഥാപാത്രത്തെ കുറിച്ച് നമുക്ക് കൂടുതലായൊന്നും അറിയാന്‍ സാധിക്കുന്നില്ല.

എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം          

  Review in English

കഥ തുടരുന്നു മലയാളം സിനിമ Kadha Thudarunnu Reviewകഥ തുടരുന്നു, ഭര്‍ത്താവ് നഷ്ടപ്പെട്ട, ഒരു കൊച്ചു കുട്ടിയുള്ള സ്ത്രിയുടെ കഥ പറയുന്നു. വിദ്യ, ഒരു ഹിന്ദു , ഷാനവാസ്‌ എന്ന മുസ്ലിമിനെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹം കഴിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അവരുടെ കൊച്ചു കുടുംബത്തില്‍ സന്തോഷം അലതല്ലുന്നു, പക്ഷെ വിധി ആഗ്രഹിക്കുന്നത് മറ്റൊന്നായിരുന്നു, ഷാനവാസ് കൊല്ലപ്പെടുന്നു. ഷാനവാസിന്റെ മരണത്തിനു ശേഷം വിദ്യ എങ്ങനെ തന്റെ കൊച്ചു കുട്ടിയേയും കൊണ്ട് മത വികാരങ്ങളാല്‍ വിഭജിക്കപ്പെട്ട ഈ സമൂഹത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു എന്നത് സിനിമയെ മുമ്പോട്ടു നയിക്കുന്നു.

സിനിമയുടെ തുടക്കം നന്നായിട്ടുണ്ട്. പ്രതീക്ഷയ്ക്ക് വക നല്‍കുന്നു, പക്ഷെ സിനിമ പുരോഗമിക്കുമ്പോള്‍ ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടുന്നു. നാടകീയമായ രംഗങ്ങള്‍ക്ക് പ്രാമുഖ്യം കൂടുന്നു. സംവിധായകന്‍ എന്ന നിലയില്‍ സത്യന്‍ അന്തിക്കാടിന് തന്റെ മുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ട്‌ ഉണ്ടെങ്കിലും ഒഴുക്കുള്ള തിരക്കഥയില്‍ പരാജയപ്പെടുന്നു. നല്ല മനസ്സുള്ള ഓട്ടോക്കാരനായി ജയറാം തിളങ്ങുന്നു. ലളിത,ഇന്നസെന്റ്  തങ്ങളുടെ ഭാഗം നന്നാക്കി. ഒരു രംഗത്ത് മാത്രമേ ഉള്ളുവെങ്കിലും മാമുക്കോയ താന്‍ എത്ര നല്ല നടനാണെന്ന് തെളിയിച്ചു.

എന്റെ അഭിപ്രായം : നിരാശാജനകം 

  Review in English

പെരുവഴിയമ്പലം പത്മരാജന്‍ നോവല്‍ Peruvazhiyambalam Novel Review


രാമന്‍ സ്വരക്ഷയ്ക്ക് വേണ്ടി റൌഡിയായ പ്രഭാകരന്‍ പിള്ളയെ കൊല്ലുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു . അവനെ പോലീസിനു കാട്ടി കൊടുക്കുന്നതിനു പകരം അവനെ സംരക്ഷിക്കാന്‍ കുറച്ചു പേര്‍ തയ്യാറാകുന്നു . രാമന് പക്ഷെ പ്രഭാകരന്‍ പിള്ളയുടെ ശത്രുക്കളായ ഇവരുടെ സംരക്ഷണം കുറച്ചു കഴിഞ്ഞപ്പോള്‍ ദുസ്സഹമായി തോന്നി തുടങ്ങി . ചെയ്ത് പോയ കുറ്റം അവനെ വേട്ടയാടാന്‍ തുടങ്ങുന്നു . ഉപേക്ഷിച്ചു പോന്ന സഹോദരിമാരെക്കുറിച്ച് ഓര്‍ത്ത് അവന്‍ വേദനിക്കുന്നു . ഈ അവസ്ഥയില്‍ ഒരു തീരുമാനമെടുക്കാന്‍ അവന്‍ ബാധ്യസ്ഥനാകുന്നു .

സാഹചര്യസമ്മര്‍ദം കൊണ്ട് കുറ്റം ചെയ്യേണ്ടി വന്ന ഒരു കൌമാരക്കാരന്റെ മനസ്സിലേക്ക് പത്മരാജന്‍ ഈ നോവല്‍ വഴി നമ്മെ കൊണ്ട് പോകുകയാണ് . സ്വാര്‍ത്ഥരായ മനുഷ്യര്‍ക്കിടയിലും യഥാര്‍ഥ സ്നേഹം ഉണ്ടെന്നു വേശ്യ കഥാപാത്രം വഴി ഈ നോവല്‍ ചൂണ്ടിക്കാണിക്കുന്നു . ഭീതിയുടെ നിഴല്‍ കുറ്റം ചെയ്ത രാമന് മുകളില്‍ മാത്രമല്ല അവന് അഭയം നല്കിയവരിലും ഉണ്ടെന്ന് നാം മനസ്സിലാക്കുന്നു . ഒരു കുറ്റവും അതിന്റെ പരിണത ഫലങ്ങളും ഒരു പറ്റം ഗ്രാമീണരുടെ ജീവിതത്തിലും മനോവ്യവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെ മനോഹരമായി ചിത്രീകരിക്കുന്ന നോവല്‍ .

എന്റെ അഭിപ്രായം :  വളരെ നല്ലത്
 Review in English 

2011, മാർച്ച് 3, വ്യാഴാഴ്‌ച

മമ്മി ആന്‍റ് മി മലയാളം സിനിമ Mummy and Me Review

  മമ്മി ആന്‍ഡ്‌ മി ഒരു മധ്യവര്‍ഗകുടുംബത്തിലെ അമ്മയും മകളും തമ്മിലുള്ള വഴക്കുകളില്‍ ആസ്പദമായാണ് . കോളേജില്‍ പഠിക്കുന്ന മകള്‍ക്ക് അമ്മ തന്റെ കാര്യങ്ങളില്‍ ഇടപ്പെടുന്നത് ഇഷ്ടമല്ല,പക്ഷെ അമ്മയ്ക്ക് മകളെ ഗുണദോഷിക്കാതിരിക്കാന്‍ കഴിയുന്നില്ല .ഇതിന്റെ ഇടയില്‍പ്പെട്ടു പ്പോയിരിക്കുന്നത് അച്ചനാണ് .എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ഒരു സഹോദരനുമുണ്ട് .

   സംവിധായകന്‍ ജിത്തു ജോസഫ്‌ തമാശയുടെ മേമ്പൊടിയോടെ ഈ സിനിമ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് . കര്‍ക്കശക്കാരിയായ അമ്മയുടെ ഭാഗം ഉര്‍വ്വശി ഭംഗിയാക്കി . വാശിക്കാരിയായ മകളുടെ ഭാഗം അര്‍ച്ചന ചില രംഗങ്ങളില്‍ അമിതാഭിനയം കൊണ്ട് അലങ്കൊലമാക്കുന്നു എങ്കിലും മൊത്തത്തില്‍ കുഴപ്പമില്ലാതെ ചെയ്തു എന്ന് പറയാം . മുകേഷ് ,ബോബന്‍ ,സുധീഷ്‌ ,അനൂപ്‌ മേനോന്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു .


എന്റെ അഭിപ്രായം : നല്ലത്  

 Review in English 

നീലത്താമര മലയാളം സിനിമ Neelathamara Review

കുട്ടിമാളു തന്‍റെ യജമാനത്തിയുടെ മകന്‍ ഹരിദാസിനെ പ്രണയിക്കുന്നു. പക്ഷെ ഹരിദാസിന് അത് ഒരു നേരമ്പോക്ക് മാത്രമായിരുന്നു. ഈ കഥ നടക്കുന്നത് 1970 കളിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടിമാളുവും, ഹരിദാസിന്റെ ഭാര്യ രത്നവും തമ്മില്‍ കണ്ടുമുട്ടുന്നു. മരിച്ചു പോയ ഹരിദാസിന്റെ ഓര്‍മ്മകള്‍ അവര്‍ പങ്കുവെക്കുന്നു


ലാല്‍ ജോസും, എം ടി യും ,വളരെ ഹൃദയസ്പര്‍ശിയായ ,ലളിതമായ ഒരു സിനിമയാണിവിടെ ഒരുക്കിയിരിക്കുന്നത് . കുട്ടിമാളുവിന്റെ വേഷത്തില്‍ അര്‍ച്ചന നല്ല പ്രകടനം കാഴ്ച വെക്കുന്നു. സംവ്രത സുനിലും,യജമാനത്തിയുടെ വേഷമിട്ട നടിയും നന്നായിട്ടുണ്ട് . പശ്ചാത്തലസംഗീതം മനോഹരമാണ് പക്ഷെ ഗാനങ്ങള്‍ അത്ര നന്നായിട്ടില്ല . എം ടി യുടെ സംഭാഷണങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു . ചെറിയ കഥാപാത്രങ്ങള്‍ ആണെങ്കിലും ഭാഗവതരും, ആലത്തറയിലെ വൃദ്ധനും മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്നു


എന്റെ അഭിപ്രായം : വളരെ നല്ലത്     
Review in English


ശിക്കാര്‍ മലയാളം സിനിമ Shikkar Reviewഈ ചിത്രം ട്രക്ക് ഡ്രൈവറായ ബലരാമന്റെ കഥയാണ്‌. ആ വ്യക്തി അയാളുടെ പൂർവജീവിതത്തിൽ സംഭവിച്ച എന്തിനയോ ഭയക്കുന്നു. അതെന്താണെന്ന് ഈ സിനിമ പറയാൻ ശ്രമിക്കുന്നു.


മോഹൻലാൽ അഭിനേതാവ് എന്ന നിലയിൽ തിളങ്ങുന്നു. ലോക്കൽ ഗുണ്ടകളെ അടിച്ച് നിരപ്പാക്കുന്ന കേമനായും സ്വന്തം മകളുടെ ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്ന അച്ഛനായും നല്ല അഭിനയമാണ്‌ കാഴ്ചവെച്ചിരിക്കുന്നത്. പത്മകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്. സിനിമയിൽ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ നായകന്റെ പൂർവകാലചരിത്രം കുറച്ച് അവിശ്വസ്നീയമായി തോന്നി. അവസാന ഭാഗങ്ങൽ അത്ര നന്നായില്ല. മറ്റ് അഭിനേതാക്കളിൽ ജഗതി, ലാലു അലക്സ് നല്ല പ്രകടനം കാഴ്ച വെച്ചു.
 
എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം
Review in English