Text

For Best Reading Experience install Anjali Old Lipi Unicode font at Fonts folder

2011 മാർച്ച് 26, ശനിയാഴ്‌ച

കുട്ടിസ്രാങ്ക് സിനിമ Kutty Srank Review


ഒരു സിനിമയ്ക്ക്‌   ദേശിയ പുരസ്കാരം ലഭിക്കുമ്പോള്‍ അതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതായിരിക്കും.കുട്ടിസ്രാങ്കും ആ ഗണത്തില്‍പ്പെടുന്നു.പക്ഷെ സിനിമയുടെ തുടക്കത്തില്‍ തന്നെ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. ഈ സിനിമ കുട്ടിസ്രാങ്ക് എന്ന വ്യക്തിയുടെ ജീവിത കഥ, മൂന്ന്   വിത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ  വീക്ഷണത്തില്‍ നിന്ന് പറയുന്നു. 

ആദ്യ കഥയില്‍ കുട്ടിസ്രാങ്ക്, രേവമ്മയുടെ മുമ്പില്‍ രേവമ്മയുടെ  ക്രുരനായ അച്ചന്റെ വിശ്വസ്ത സേവകനായി പ്രത്യക്ഷപ്പെടുന്നു.തന്റെ അച്ചന്‍ ചെയ്തു കൂട്ടുന്ന ക്രൂരകൃത്യങ്ങള്‍ക്ക്  എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് രേവമ്മ മനം  മാറ്റം വന്ന കുട്ടിസ്രാങ്കിന്റെ കൂടെ  അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇവിടെ രംഗങ്ങള്‍ വളരെ നാടകീയമായി തോന്നുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി ഇവിടെ  ഒരു പരാജയമാണെന്ന് പറയാം.പത്മപ്രിയയുടെ അഭിനയത്തില്‍ സ്വഭാവികതയെക്കാള്‍ നാടകീയത കൂടുതലായി തോന്നുന്നു. 

രണ്ടാമത്തെ കഥയില്‍  കുട്ടിസ്രാങ്ക്  ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ്  പ്രത്യക്ഷപ്പെടുന്നത് . ചവിട്ടുനാടകത്തില്‍ തത്പരരായ ഒരു പറ്റം ആളുകളുടെ ഇടയില്‍ കുട്ടിസ്രാങ്കിനെ നമുക്ക് കാണാം. നാടക ആശാനായ ലോനി കുട്ടിസ്രാങ്കിനെ  നാടകത്തില്‍ നായക വേഷം നല്‍കുന്നു. എന്നാല്‍ സ്ഥലത്തെ പണക്കാരനായ ജോപ്പന്‍ അവിടത്തെ വികാരിയുടെ സഹായത്തോടെ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. കുട്ടിസ്രാങ്കിനെ സ്നേഹിക്കുന്ന ലോനിയുടെ സഹോദരി പെമെന്നയുടെ കാഴ്ചപ്പാടിലാണ്  ഈ കഥ പുരോഗമിക്കുന്നത് .ഇവിടെ സംവിധായകന്‍ എന്ന നിലയില്‍ ഷാജി തിളങ്ങുന്നു. ചവിട്ടുനാടകത്തിന്റെ പശ്ചാത്തലവും അഭിനേതാക്കളില്‍ നിന്ന് സ്വാഭാവികമായ അഭിനയവും നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ ഷാജിക്ക് കഴിഞ്ഞിട്ടുണ്ട് . ദൈവഭയമുള്ള ആ ജനതയെ ചൂഷണം ചെയ്യുന്ന വികാരിയായി സിദ്ദിക്കും, നാടക ആശാനായി സുരേഷ് കൃഷ്ണയും, പെമെന്നയായി കമാലിനിയും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. 

മൂന്നാമത്തെ കഥയില്‍ മൂകയായ കാളി എന്ന സ്ത്രീയുടെ ജീവിതത്തിലാണ് കുട്ടിസ്രാങ്ക് പ്രത്യക്ഷപ്പെടുന്നത് .എല്ലാവരാലും തഴയപ്പെട്ട കാളിയുടെ രക്ഷിതാവായിട്ടാണ് കുട്ടിസ്രാങ്കിനെ നമുക്ക് ഇവിടെ കാണാന്‍ കഴിയുക.ഇവിടെ സിനിമ വീണ്ടും അതിനാടകീയതയിലേക്ക് നീങ്ങുന്നതായി കാണാം.ക്ഷയിച്ചു കൊണ്ടിരുക്കുന്ന തറവാടിനെ രക്ഷിക്കാന്‍ അന്ധവിശ്വാസിയായ ഉണ്ണിത്താന്‍ എടുക്കുന്ന  തീരുമാനവും, അത്  നടപ്പിലാക്കാന്‍ കുട്ടിസ്രാങ്കിനെ  ഏല്‍പ്പിക്കുന്നതും ശക്തമായ ഒരു പ്രമേയമാണെങ്കിലും, അത്  തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ ഷാജി പരാജയപ്പെട്ടിരിക്കുന്നു. ആ എഴുത്തുകാരി കഥാപാത്രം അനാവശ്യമായി ഏച്ചു കെട്ടിയത്   പോലെ തോന്നുന്നു.

ഈ മൂന്നു സ്ത്രികള്‍ തങ്ങളുടെ കഥകള്‍ പോലീസുകാരനോട്‌  വിവരിക്കുന്ന രംഗങ്ങള്‍ നന്നായിട്ടുണ്ടങ്കിലും, മൊത്തത്തില്‍ ആദ്യത്തെയും, മൂന്നാമത്തെയും കഥകളിലെ ബലഹീനത കാരണം സിനിമ പ്രതിക്ഷക്കൊത്ത്   ഉയര്‍ന്നിട്ടില്ല.. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ നന്നാക്കി.

എന്റെ അഭിപ്രായം : നിരാശാജനകം  
REVIEW IN ENGLISH                                   

2011 മാർച്ച് 19, ശനിയാഴ്‌ച

ഇവിടം സ്വര്‍ഗ്ഗമാണ് സിനിമ Ividam Swargamanu Review


ചാണ്ടി എന്ന ഭൂമി ഇടപാടുകാരന്‍, മാത്യുസ് എന്ന കര്‍ഷകന്റെ ഭൂമി വാങ്ങിക്കാന്‍ താത്പര്യം കാണിക്കുന്നു.ചാണ്ടിക്ക് അത് വാങ്ങി പതിന്മടങ്ങ്‌ ലാഭത്തില്‍ വില്‍ക്കാന്‍ ആണ് ഉദ്ദേശം.എന്നാല്‍ വളരെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തന്റെ കൃഷിഭൂമി വില്‍ക്കാന്‍ മാത്യുസ്‌ തയ്യാറാകുന്നില്ല. ഇത് ചാണ്ടിയെ പ്രകോപ്പിതനാക്കുകയും തന്റെ പ്രഭാവം ഉപയോഗിച്ച് മാത്യുസിനു മേല്‍ കള്ള കേസുകള്‍ ചാര്‍ത്താന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ സിനിമ ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തെയും മാത്യുസ്‌ എങ്ങനെ തന്റെ കൃഷിഭൂമി സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് തമാശയുടെ മേമ്പോടിയോടെ അവതരിപ്പിക്കുന്നു.

സിനിമയുടെ തുടക്കം ഒച്ചിഴയുന്ന വേഗതയിലാന്നു. കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും, മാത്യുസിന്റെ ഫാം വര്‍ണ്ണിക്കാനും അനാവശ്യമായി വളരെ സമയം പാഴാക്കുന്നു. ഭൂമാഫിയകള്‍ എങ്ങനെ ഫലഭൂവിഷ്ടമായ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നത് വരച്ച് കാണിക്കാന്‍ ഈ സിനിമയില്‍ ഒരു ശ്രമം നടത്തുന്നതായി കാണാം. ഒരു പരിധി വരെ സംവിധായകന്‍ അതില്‍ വിജയിച്ചു എന്ന് പറയാം. അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.ഒരു സാധാരണക്കാരന്റെ ഭാഗം തന്മയത്തോടെ അവതരിപ്പിക്കാന്‍ ലാലിന് കഴിഞ്ഞിട്ടുണ്ട്.സംവിധായന്‍ എന്ന നിലയില്‍, റോഷന്‍ അതിഭാവുകതയും,ലാലിന് അതിമാനുഷകതയും നല്‍കാതെ ലളിതമായ രീതിയില്‍  ഈ സിനിമ എടുക്കുന്നതില്‍  ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.ജഗതിയുടെ കഥാപാത്രം നന്നായിട്ടുണ്ട്. ലാലു അലക്സ്‌ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും ചില രംഗങ്ങളില്‍ അത്ര നന്നായിട്ടില്ല.

എന്റെ അഭിപ്രായം : കൊള്ളാം 
                          

2011 മാർച്ച് 15, ചൊവ്വാഴ്ച

പതിനൊന്നില്‍ വ്യാഴം സിനിമ Pathinonnil Vyazham Malayalam Review

അപ്പു എന്ന ചെറുപ്പക്കാരന്‍ ചന്ദ്രന്‍ പിള്ള എന്ന അന്ധവിശ്വാസിയായ ധനികനെ കണ്ടുമുട്ടുന്നു. ജീവിതത്തില്‍ ഉയരണം എന്ന് ആഗ്രഹിക്കുന്ന അപ്പു, ചന്ദ്രന്‍ പിള്ളയുടെ ഒരു രഹസ്യം അറിഞ്ഞ് അയാളെ തന്റെ വലയില്‍ കുരുക്കുന്നു.ചന്ദ്രന്‍ പിള്ളയ്ക്ക് അപ്പുവിന് ഒരു ജോലി നല്‍കേണ്ടതായി വരുന്നു.ജാതകദോഷം മാറ്റാന്‍ വേണ്ടി പിള്ളയ്ക്ക് തന്റെ മകളെ അപ്പുവിന് വിവാഹം ചെയ്തു കൊടുക്കേണ്ടി വരുന്നു. അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളെ തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണീ ചിത്രത്തില്‍.

സാധാരണ മലയാള തമാശ ചിത്രങ്ങള്‍ പിന്തുടരുന്ന പ്രമേയം തന്നെ ഈ ചിത്രവും പിന്തുടരുന്നുവെങ്കിലും പോള്‍,ജഗതി,മുകേഷ് എന്നിവരുടെ നല്ല പ്രകടനം കാരണം മുഷിവില്ലാതെ ചിത്രം കണ്ടിരിക്കാം. ഭാഗ്യത്തിന് ഹാസ്യത്തിന് വേണ്ടി ഒരാള്‍ മറ്റൊരാളെ തല്ലുന്ന രംഗമോ, അല്ലെങ്കില്‍  ഒരാള്‍ വീഴുന്നതോ ആയ രംഗങ്ങള്‍ സാധാരണ മറ്റു തമാശ ചിത്രങ്ങളില്‍ ഉള്ളത് പോലെ ഇതിലില്ല. അത്ര ഉന്നത നിലവാരം പുലര്‍ത്തുന്ന ഹാസ്യമോന്നുമല്ലെങ്കിലും പല രംഗങ്ങളിലും ഒരു ചെറു പുഞ്ചിരി സൃഷ്ടിക്കാനുതകുന്ന  ഹാസ്യം സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

എന്റെ അഭിപ്രായം : കൊള്ളാം 
 REVIEW IN ENGLISH             

2011 മാർച്ച് 13, ഞായറാഴ്‌ച

ലൗഡ്സ്പീക്കര്‍ സിനിമ Loudspeaker Malayalam Review

മൈക്ക് എന്ന കര്‍ഷകന്‍ തന്റെ കടബാധ്യത ഒഴിവാക്കാന്‍ വേണ്ടി തന്റെ കിഡ്നി ആനന്ദ് എന്ന ധനികന് ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു.അതിലേക്കായി ആനന്ദിന്റെ വീട്ടില്‍ താമസിക്കുന്നു.മൈക്കിന്റെ സവിശേഷതയെന്തെന്നാല്‍ വളരെ ഉച്ചത്തിലെ സംസാരിക്കുകയുള്ളൂ ,കാണുന്ന ആള്‍ക്കാരുമായും  ചങ്ങാത്തം കൂടാന്‍ ശ്രമിക്കും,ഒരു ഗ്രാമീണന്റെ എല്ലാ നിഷ്കളങ്കതയുമുള്ള  ഒരു സ്വഭാവം.ശാന്തത ആഗ്രഹിക്കുന്ന ആനന്ദിന് മൈക്കിന്റെ ഈ സ്വഭാവം ആദ്യം ഇഷ്ടപ്പെടുന്നില്ല.എന്നാല്‍ മൈക്ക്  വളരെ പെട്ടെന്ന് തന്നെ ആനന്ദിന്റെ അയല്‍ക്കാരുടെ സ്നേഹം പിടിച്ചു പറ്റുന്നു.ഏകനായ ആനന്ദിന്റെ  ദുഃഖം മനസ്സിലാക്കി മൈക്ക് ആനന്ദിനെ സഹായിക്കുകയും അത് വഴി ആനന്ദിന്റെ സ്നേഹം പിടിച്ച് പറ്റുകയും ചെയ്യുന്നു.

ജയരാജ്‌  സംവിധായകന്‍ എന്ന നിലയില്‍ ഒരു ഹൃദയസ്പര്‍ശിയായ കഥ അവതരിപ്പിക്കുന്നതില്‍  വിജയിക്കുന്നുണ്ടെങ്കിലും, ഒരു ഒഴുക്കുള്ള തിരക്കഥ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു.പല ഭാഗങ്ങളിലും ഒരു ഇഴച്ചില്‍ കാണപ്പെടുന്നു.ആനന്ദിന്റെ പൂര്‍വകാല ചരിത്രം മികവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.തമാശയ്ക്ക് വേണ്ടിയുള്ള കൊച്ചു കുട്ടികളുടെ രംഗങ്ങളും അത്ര നന്നായില്ല.മമ്മൂട്ടി അഭിനേതാവ് എന്ന നിലയില്‍ തിളങ്ങുന്നു.ആ ഒരു കഥാപാത്രത്തെ അറിഞ്ഞ്,സ്വാഭാവികമായ ഒരു അഭിനയം കാഴ്ച വയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്‌. ആനന്ദിന്റെ ഭാഗം ശശികുമാര്‍ ഭംഗിയാക്കി. മറ്റു അഭിനേതാക്കളില്‍ ജനാര്‍ദ്ദനന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

എന്റെ അഭിപ്രായം : കൊള്ളാം