Text

For Best Reading Experience install Anjali Old Lipi Unicode font at Fonts folder

2011 ഏപ്രിൽ 23, ശനിയാഴ്‌ച

ഫ്ലാഷ് സിനിമ Flash Malayalam Film Review


ധ്വനി എന്ന കോളേജ് വിദ്യാര്‍ത്ഥിനി തന്റെ തറവാട്ടില്‍ നടന്ന ഏതോ ഒരു സംഭവത്തിന് ശേഷം അസാധാരണമാം വിധം പെരുമാറുന്നു. ബന്ധുവായ പ്രിയന്‍ ധ്വനിയെ മനോരോഗ വിദഗ്ധനായ മിഥുനെ ചികിത്സയ്ക്കായി ഏല്പിക്കുന്നു . മിഥുന്‍ എങ്ങനെ ധ്വനിയുടെ ഈ അവസ്ഥയെ സമീപിക്കുന്നു എന്നതാണ് ഈ സിനിമയിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത് . ഇതിനിടയില്‍ നടക്കുന്ന ചില കൊലപാതകങ്ങള്‍ക്ക്  ഉത്തരവാദിയായി ധ്വനിയെ പോലീസ് സംശയിക്കുന്നു . ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ധ്വനി തന്നെയാണോ , അതോ മറ്റാരെങ്കിലും ആണോ ? ഇവയ്ക്ക് ഉത്തരം നല്‍കാന്‍ മിഥുന്‍ ശ്രമിക്കുന്നു .

നല്ല ക്ഷമാശീലം ഉള്ളവര്‍ക്ക് മാത്രമേ ഈ സിനിമ പൂര്‍ണമായും കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ . കാരണം തുടക്കത്തില്‍ തന്നെ വളരെ അരോചകമായ അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ച വെച്ചിരിക്കുന്നത് . മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ആദ്യ രംഗം വളരെ നിലവാരം കുറഞ്ഞതായി തോന്നുന്നു .പിന്നീട്  താന്‍ അപാര ബുദ്ധിമാനും, ജ്ഞാനിയുമാണെന്ന് പൊങ്ങച്ചം കൂടി വിളമ്പുമ്പോള്‍ നല്ലൊരു ശതമാനം താത്പര്യം സിനിമയില്‍ നഷ്ടപ്പെടുന്നു . ധ്വനിയുടെ ഭാഗം ചെയ്ത പാര്‍വ്വതി  എന്ന നടി അഭിനയം എന്നത് മുഖം കൊണ്ടുള്ള ഗോഷ്ടി എന്നാണ് ധരിച്ചിരിക്കുന്നത്‌ എന്ന് തോന്നുന്നു . മുത്തച്ഛന്റെ ഭാഗം ചെയ്ത നടന്‍ അമിതാഭിനയം കൊണ്ട് വെറുപ്പിക്കുന്നു. ജഗതിയെ വെറുതെ കാഴ്ച വസ്തുവായി ഒരു ചെറിയ വേഷത്തില്‍ ‍ പ്രേഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ കൊണ്ടുവന്നത് പോലെ തോന്നി .നല്ലത് എന്ന് പറയാന്‍ ഉള്ളത് സായികുമാറിന്റെയും,സുരേഷ് കൃഷ്ണയുടെയും അഭിനയമാണ് . കുറച്ചൊക്കെ സിനിമയില്‍ ഒരു സസ്പെന്‍സ്  നിലനിര്‍ത്താന്‍ ‍ കഴിയുന്നുണ്ടെങ്കിലും അത്  നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സിബിക്ക് കഴിഞ്ഞിട്ടില്ല . 

എന്റെ അഭിപ്രായം : നിരാശാജനകം
REVIEW IN ENGLISH 

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

ഉത്തരം സിനിമ Utharam Review



സെലീന എന്ന യുവകവിയത്രി ആത്മഹത്യ ചെയ്യുന്നു . ഇതു എന്ത് കൊണ്ട്  സംഭവിച്ചു എന്നത്  സെലീനയുടെ ഭര്‍ത്താവിനെ അലട്ടുന്നു . ഇതിനു ഒരു ഉത്തരം കിട്ടാന്‍ വേണ്ടി തന്റെ ആത്മസുഹൃത്ത് ജേര്‍ണലിസ്റ്റ്  ബാലുവിനെ സമീപിക്കുന്നു . താന്‍ സെലീനയെ പൂര്‍ണമനസ്സോടെ സ്നേഹിച്ചിരുന്നതായും തങ്ങള്‍ തമ്മില്‍ യാതൊരു ദാമ്പത്യപ്രശ്നവും ഇല്ലായിരുന്നെന്നും    അയാള്‍ ബാലുവിനോട് പറയുന്നു .സെലീനയുടെ മരണത്തിനു പിന്നിലെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ അയാള്‍ ബാലുവിനെ ചുമതലപ്പെടുത്തുന്നു . ഈ സിനിമ ബാലുവിന്റെ ഈ അന്വാഷണത്തിനെ ആസ്പദമാക്കിയാണ് മുമ്പോട്ടു നീങ്ങുന്നത്‌ . 

പ്രേക്ഷകരെ ജിജ്ഞാസയുടെ  മുനമ്പില്‍ നിര്‍ത്താന്‍ ഈ സിനിമയ്ക്ക്‌ കഴിയുന്നുണ്ട് .സാധാരണ ഈ രീതിയിലുള്ള മറ്റു സിനിമകള്‍ പോലെ ഇതില്‍ നായകന്‍ തന്റെ നായകത്വം തെളിയിക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെയില്ല , അതിനു പകരം സ്വാഭാവികമായുള്ള രംഗങ്ങള്‍ നമുക്ക്   കാണാന്‍ കഴിയും . ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത്  സ്വാഭാവികമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട് . സെലീനയുടെ പൂര്‍വകാലചരിത്രം ചികഞ്ഞു പരിശോധിക്കുമ്പോള്‍ ബാലുവിന് പല ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ക്ക്  ദ്രക്സാക്ഷിയാകേണ്ടി   വരുന്നു . ഇത് ബാലുവിനെ ഈ സമസ്യയുടെ ഉത്തരത്തിലേക്ക് നയിക്കുന്നു.

മമ്മൂട്ടി സത്യാന്വാഷിയായ  ജേര്‍ണലിസ്റ്റ്  ആയി കഥാപാത്രത്തിന് മികവു നല്‍കുന്നതില്‍ വിജയിക്കുന്നു .സുകുമാരനും , പാര്‍വ്വതിയും തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി . പവിത്രന്റെ സംവിധാനം പ്രശംസ അര്‍ഹിക്കുന്നു .

എന്റെ അഭിപ്രായം : നല്ലത് 
  

2011 ഏപ്രിൽ 17, ഞായറാഴ്‌ച

എഗൈന്‍ കാസര്‍കോട് കാദര്‍ഭായ് സിനിമ Again Kasargod Kadher Bhai Review


കലാദര്‍ശനയിലെ കലാകാരന്മാര്‍ക്ക് വിയ്യൂര്‍ ജയിലില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു . പൂര്‍വവിദ്യാര്‍ത്ഥികളായ ഉണ്ണിയും അയാളുടെ സുഹൃത്തുക്കളും ഇവരുടെ കൂടെ പോകുന്നു . തങ്ങള്‍ ജയിലില്‍ ആക്കിയ കാസിം, ഇവര്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടുന്നു .കാസിമിന്റെ കൊലയുമായി ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസു സംശയിക്കുന്നു . തമാശയുടെ മേമ്പൊടിയോടെ ഈ പോലീസു അന്വഷണം ഈ സിനിമ കാണിക്കുവാന്‍ ശ്രമിക്കുന്നു . 

വളരെ നിലവാരം കുറഞ്ഞ തമാശ സിനിമയിലുടനീളം കാണാം . തമാശയ്ക്ക് വേണ്ടി മലയാള സിനിമയില്‍ സാധാരണ ഉപയോഗിക്കുന്ന ഫിസിക്കല്‍ കോമഡി, അതായത്  ഓട്ടവും ചാട്ടവും ഉരുണ്ടു വീഴലും അതൊക്കെ ഇതിലുമുണ്ട് . പുതിയ മിമിക്രി കലാകാരന്മാര്‍ നിരാശപ്പെടുത്തുന്നു . ഈ സിനിമയില്‍ മലയാളത്തിലെ വലിയ ഹാസ്യതാരങ്ങള്‍ എല്ലാവരും തന്നെ ഉണ്ടെങ്കിലും ആര്‍ക്കും നല്ല പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്നില്ല . ഇന്നസെന്റിന്റെ അഭിനയവും അരോചകമായി തോന്നി .സുരാജ് ചില രംഗങ്ങളില്‍ തിളങ്ങുന്നു .അതിലൊന്ന്  പ്രമുഖ നടന്മാര്‍ പാട്ട് രംഗങ്ങളില്‍ എങ്ങനെ അഭിനയിക്കും എന്നത്  നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സുരാജിന്  കഴിഞ്ഞിട്ടുണ്ട് . പോലീസു ഉദ്യോഗസ്ഥനായി അഭിനയിച്ച നടന്‍ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയില്ലാത്ത വ്യക്തിയാണെന്ന് തോന്നുന്നു . ഗര്‍ജനം മാത്രമേയുള്ള മുഖത്ത് ഭാവഭേദങ്ങള്‍  വരുത്തുന്നതില്‍ പരാജയപ്പെടുന്നു . എന്നാല്‍ സുരേഷ്കൃഷ്ണ നല്ല പ്രകടനം കാഴ്ച വെക്കുന്നു . തുളസിദാസ് സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയില്‍ ഒരു വമ്പന്‍  പരാജയമാണെന്ന്  പറയാം . തമാശ രംഗങ്ങള്‍ നല്ല രീതിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല , കേവലം ഒരു അടിപ്പടമെന്ന നിലയിലും ഒരു പ്രതീക്ഷ തരുന്നില്ല .

എന്റെ അഭിപ്രായം : മോശം   

2011 ഏപ്രിൽ 16, ശനിയാഴ്‌ച

കല്‍ക്കട്ടാ ന്യൂസ്‌ സിനിമ Calcutta News Review


അജിത്ത് എന്ന മലയാളിയായ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ്  കല്കത്തയില്‍ ജോലി ചെയ്യുന്നു . തന്റെ ജോലിക്കിടയില്‍ ഒരു മലയാളി യുവാവിനെയും യുവതിയെയും അയാള്‍ കണ്ടു മുട്ടുന്നു . എന്നാല്‍ പിന്നീട്  ആ യുവാവ് മരിച്ചതായി ടെലിവിഷന്‍ വാര്‍ത്തയില്‍ അജിത്ത്  കാണുന്നു . ആ യുവതിയെ ഒരു ചേരിയില്‍ അടച്ചിട്ട ഒരു മുറിയില്‍ മുറിവേറ്റു കാണപ്പെടുന്നു . അന്വാഷണത്തില്‍ നിന്ന്  ആ യുവാവ് തന്റെ ഭര്‍ത്താവ് ആണെന്ന് യുവതി പറയുന്നു .ഈ മരണത്തിനു പിന്നിലുള്ള  ദുരൂഹതകളുടെ കെട്ടഴിക്കാന്‍ അജിത്ത് ശ്രമിക്കുന്നു .

തുടക്കത്തില്‍ ഈ സിനിമ നല്ല പ്രതീക്ഷ നല്‍കുന്നു .ആരാണ്  കൊലപാതകത്തിന്റെ പിന്നില്‍, അതിന്റെ പിറകിലെ  കാരണങ്ങള്‍ ഇവയൊക്കെ പ്രേഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്താന്‍ പറ്റിയ ഘടകങ്ങളാണ് , എന്നാല്‍ സിനിമ പുരോഗമിക്കുമ്പോള്‍ അവയ്ക്ക് കോട്ടം തട്ടുന്നു . സാധാരണ കച്ചവട സിനിമകളില്‍ പോലെ ഒരു വില്ലനും കുറെ സംഘട്ടനങ്ങളും കാണാന്‍ കഴിയുന്നു . കൃഷ്ണപ്രിയുടെ ഭൂതകാലം  മനസ്സില്ലാക്കാന്‍  ഉള്ള ശ്രമങ്ങള്‍ യുക്തിക്ക് നിരക്കാത്തതായി തോന്നുന്നു . 

സിനിമയുടെ നല്ല ഘടകങ്ങള്‍ എന്ന്  പറയാന്‍ സാധിക്കുന്നത്  കല്‍കത്ത നഗരത്തെ അതിന്റെ മുഴുവന്‍ പ്രഭയോടെ അവതരിപ്പിക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിട്ടുണ്ട് . അജിത്തിന്റെ മധ്യവര്‍ഗ ജീവിതത്തെ തന്മയത്തോടെ അവതരിപ്പിച്ചിട്ടുണ്ട് . ദിലീപും മീര ജാസ്മിനും നല്ല പ്രകടനം കാഴ്ച വെക്കുന്നു . സിനിമയുടെ പ്രധാന ആകര്‍ഷണം മീര തന്നെയാണ് . എല്ലാം തികഞ്ഞ ഒരു അഭിനയമൊന്നും കാഴ്ച വെക്കാന്‍ മീരക്ക് കഴിഞ്ഞിട്ടില്ലെങ്കിലും കൃഷ്ണപ്രിയ എന്ന യുവതിയുടെ നിഷ്കളങ്കത പ്രതിഭലിപ്പിക്കാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട് .ഇന്നസെന്റ്‌  തന്റെ ഭാഗം നന്നാക്കിയെങ്കിലും തമാശ രംഗങ്ങള്‍ക്ക് ഒരു പുതുമയൊന്നും ഇല്ല .  നല്ല ഒരു സിനിമക്കുള്ള കഥാതന്തു ആണെങ്കിലും ബ്ലെസി അത് എങ്ങനെ പറയണം എന്ന കാര്യത്തില്‍ ആശയകുഴപ്പത്തില്‍ ആണെന്ന് കാണാം . അത് കൊണ്ട്  ഒരു ഒഴുക്കില്ലാതെ പല ദിശകളിലേക്ക്  സിനിമ നീങ്ങുന്നു .

എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം    

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

ഒരു നാള്‍ വരും സിനിമ Oru Naal Varum Review


ഗോപികൃഷ്ണന്‍ എന്ന കൈക്കൂലി വാങ്ങിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും അയാളെ പിടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കഥ ഈ സിനിമ പറയുന്നു. സുകുമാരന്‍ എന്ന വ്യക്തി തന്റെ വീടുപ്പണിക്കുള്ള അനുവാദത്തിനായി ഗോപീകൃഷ്ണനെ സമീപിക്കുന്നു. അയാള്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാകുന്നു. ഗോപികൃഷ്ണന്‍ കൈക്കൂലി വാങ്ങിക്കുമോ, പോലീസ് ഉദ്യോഗസ്ഥന് ഗോപീകൃഷ്ണനെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ സാധിക്കുമോ, ഈ ചോദ്യങ്ങള്‍ക്ക് സിനിമ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു.

മോഹന്‍ലാല്‍ നല്ലൊരു നടനാണ്‌ , എന്നാല്‍ സുകുമാരന്റെ ഭാഗത്തില്‍ ലാലിന്റെ അഭിനയം വളരെ അരോചകമായി തോന്നി. തമാശ രംഗങ്ങള്‍ ഒന്നും തന്നെ ഏശുന്നില്ല. സുകുമാരന്റെ ദാമ്പത്യ പ്രശ്നങ്ങള്‍ മറ്റൊരു കഥയായി സിനിമയ്ക്ക്‌  ഒരു  ഗൌരവ ഭാവം നല്‍കാനുള്ള ശ്രമം പാളി പോകുന്നു. കോടതി ഭാഗങ്ങള്‍ നാടകീയമായി തോന്നുന്നു. പ്രേക്ഷകര്‍ കണ്ണീര്‍ പുഴയോഴുക്കും എന്നായിരുന്നു സംവിധായകന്റെ ഉദ്ദേശമെങ്കില്‍ അതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന് തന്നെ പറയാം.

കൂടുതലും ന്യുനതകള്‍ ആണെങ്കിലും ചില അഭിനേതാക്കളുടെ പ്രകടനത്തെ തട്ടി കളയാന്‍  പറ്റുകയില്ല . സുരാജ് തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് . നെടുമുടി വേണു, കോട്ടയം നസീര്‍ എന്നിവരുടെ കൊച്ചു വേഷങ്ങള്‍ സിനിമയെ പൂര്‍ണ തകര്‍ച്ചയിലേക്ക്  കൂപ്പു കുത്തുന്നതില്‍ നിന്ന് രക്ഷിക്കുന്നു. 

എന്റെ അഭിപ്രായം : നിരാശാജനകം
REVIEW IN ENGLISH              

2011 ഏപ്രിൽ 10, ഞായറാഴ്‌ച

പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്റ് സിനിമ Pranchiyettan and Saint Review


ഫ്രാന്‍സിസ്  എന്ന കച്ചവടക്കാരന്‍ സന്തോഷവാനല്ല , കാരണം കച്ചവടത്തില്‍ വിജയിച്ചിട്ട്  ഉണ്ടെങ്കിലും തന്റെ വിദ്യാഭ്യാസ പശ്ചാത്തലം മോശമായത് കൊണ്ട്  ആളുകള്‍ തന്നെ ബഹുമാനിക്കുന്നില്ല എന്നതില്‍ ദുഖിക്കുന്നു. ഇത് മാറ്റുവാന്‍ വേണ്ടി ഒരു ഉയര്‍ന്ന പുരസ്കാരം കിട്ടാന്‍ വേണ്ടി ഫ്രാന്‍സിസ്  ശ്രമിക്കുന്നു. ഈ  ശ്രമങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ ഇവിടെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത്  നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു. ഫ്രാന്‍സിസ്  പുണ്യാളന്‍ ഫ്രാന്‍സിസ്  കച്ചവടക്കാരനോട്  സംസാരിക്കുന്ന രംഗങ്ങള്‍ നല്ല രീതിയില്‍ ചിത്രികരിച്ചവയാണ് . എങ്കിലും ചില രംഗങ്ങളില്‍ പുണ്യാളന്‍ ആയി അഭിനയിച്ച നടന്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല . ഈ സിനിമയുടെ ഏറ്റവും നല്ല രംഗമായി തോന്നുന്നത്  പുരസ്കാരം കിട്ടാന്‍ വേണ്ടി ഫ്രാന്‍സിസിന്റെ മതമൈത്രി സ്നേഹം പെരുപ്പിച്ചു കാണിക്കുന്ന രംഗമാണ് . പുരസ്കാരത്തിന് വേണ്ടിയുള്ള ഫ്രാന്‍സിസിന്റെ ശ്രമങ്ങളെ അവലംബിച്ച് കൊണ്ടുള്ള രംഗങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു . എന്നാല്‍ ഫ്രാന്‍സിസിന്റെ പ്രേമം ഭാഗം വരുന്നതോടെ സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു . നല്ല ചില മുഹൂര്‍ത്തങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും നേരത്തെ കാണിച്ച സ്വാഭാവികത ഇവിടെ നഷ്ടപ്പെടുന്നു. ഇതിനു ശേഷം പ്രതിഭാശാലിയായ കുട്ടിയുടെ ആഗമനം സിനിമയെ വീണ്ടും നിലവാരത്തകര്ച്ചയിലേക്ക്  നയിക്കുന്നു. ഈ കുട്ടിയുടെ അഭിനയം വളരെ അരോചകമായി തോന്നി. ജഗതിയുടെ കഥാപാത്രം ഏച്ച് കെട്ടിയത് പോലെ തോന്നുന്നു , തമാശരംഗങ്ങള്‍  നിലവാരം പുലര്‍ത്തുകയും ചെയ്യുന്നില്ല . കുട്ടിയുടെ പ്രതിഭ വെളിവാക്കാന്‍ കാണിച്ച സംഭവങ്ങള്‍  ബാലിശമായി തോന്നി .

മേല്‍ കാണിച്ചത് പോലെ ഈ സിനിമയില്‍ ന്യുനതകള്‍ ഉണ്ടെങ്കിലും മൊത്തത്തില്‍ ഇത് ഒരു നല്ല സിനിമയാണെന്ന് പറയാം .മമ്മൂട്ടി ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌ അഭിനയിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു . ഉന്നത നിലവാരം പുലര്‍ത്തുന്ന ആക്ഷേപഹാസ്യം സിനിമയുടെ ഭാഗമാക്കുന്നതില്‍ രഞ്ജിത്ത്  വിജയിച്ചിട്ടുണ്ട് . ഇന്നസെന്റ്‌ ,പ്രിയമണി,സിദ്ദിക്  എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കിയിട്ടുണ്ട് . 

എന്റെ അഭിപ്രായം : നല്ലത്    
 

2011 ഏപ്രിൽ 9, ശനിയാഴ്‌ച

സകുടുംബം ശ്യാമള സിനിമ Sakudumbam Shyamala Review


വീട്ടമ്മയായ ശ്യാമളയും സഹോദരന്‍ ശേഖരനും ബദ്ധ ശത്രുക്കള്‍ ആണ് . സ്ഥലത്തെ കളക്ടര്‍ ആയ ശേഖരന്‍ അവസരം കിട്ടുമ്പോള്‍ തന്റെ കൂടെ ജോലി ചെയ്യുന്ന ശ്യാമളയുടെ ഭര്‍ത്താവായ വാസുദേവനെ താഴ്ത്തി കാട്ടാന്‍  ശ്രമിക്കും. ഈ കാരണം കൊണ്ട്  ശ്യാമളക്ക്  എങ്ങനെയെങ്കിലും ശേഖരനെ തോല്‍പ്പിക്കണം എന്നാണ്  ആഗ്രഹം. ഈ വഴക്കിനെ നര്‍മത്തില്‍ പൊതിഞ്ഞ രംഗങ്ങള്‍ കൊണ്ട്  സമ്പന്നം ആക്കുകയാണ് ഈ സിനിമ. ചില സാഹചര്യങ്ങള്‍ കൊണ്ട്  ശ്യാമളക്ക്  സ്ഥലത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നു . ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ ഭാഷയില്‍ ഈ സിനിമ അവതരിപ്പിക്കുന്നു.

വാശിക്കാരിയായ വീട്ടമ്മയുടെ ഭാഗം പൂര്‍ണമായി വിജയിപ്പിക്കുന്നതില്‍ ഉര്‍വ്വശി  വിജയിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌ . ചില രംഗങ്ങളില്‍ ഓവര്‍ ആക്ടിംഗ്  ആയിട്ട് തോന്നുന്നുണ്ട് . എങ്കിലും  ഉര്‍വ്വശി അല്ലാതെ ആരെയും ഈ ഭാഗത്തില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. സുരാജ് തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് . ഒരു രാഷ്ട്രിയക്കാരന്റെ കുടിലബുദ്ധിയും, കൂര്‍മതയും നര്‍മത്തില്‍ പൊതിഞ്ഞ് സ്വാഭാവികമായി അവതരിപ്പിക്കുന്നതില്‍ സുരാജ് വിജയിച്ചിട്ടുണ്ട് . സംവിധായകന്‍ എന്ന നിലയില്‍ രാധാകൃഷ്ണന്‍ തന്റെ മുദ്ര പതിപ്പിക്കുന്ന പല രംഗങ്ങളും ഈ സിനിമയില്‍ ഉണ്ട് . ഒരു രംഗം തിരഞ്ഞെടുപ്പ്  ഫല പ്രഖ്യാപനത്തിന്റെ  സമയത്ത്  വിവിധ കഥാപാത്രങ്ങളുടെ  പ്രതികരണമാണ് . സിനിമയുടെ ഒരു ന്യുനത ആയി തോന്നുന്നത്  ജഗദീഷ് ചെയ്ത കഥാപാത്രമാണ് . തമാശയ്ക്ക് വേണ്ടി വെറുതെ അടി കൊള്ളുന്ന ഈ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. സായികുമാര്‍, ബോബന്‍, വേണു തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി . ഒരു സാധാരണ കഥയെ ശുദ്ധമായ ഹാസ്യം കൊണ്ട്  വിരസത തോന്നാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട് .

എന്റെ അഭിപ്രായം : കൊള്ളാം